മൂന്നുഭാഗം പാതിരിവനവും നാലാംഭാഗം കബനിപ്പുഴയും തീർത്ത വേലിക്കെട്ടിനുള്ളിലകപ്പെട്ട് പുൽപള്ളി വെട്ടത്തൂരിലെ ഇരുപതോളം കുടുംബങ്ങൾ ദുരിതത്തിൽ. ഇതിൽ 17 കുടുംബങ്ങളും പ്രത്യേക പരിഗണനയർഹിക്കുന്ന പണിയ, കാട്ടുനായ്ക്ക വിഭാഗത്തിൽ പെട്ടവരാണ്.
പുറംലോകവുമായി ബന്ധപ്പെടാൻ ഇവർക്ക് ആശ്രയമായുള്ളത് വനത്തിലൂടെയുള്ള മൺപാത മാത്രമാണ്. ഇവിടത്തെ കുട്ടികൾ പഠിക്കുന്നത് പെരിക്കല്ലൂർ ഗവ.ഹൈസ്കൂളിലാണ്.
രാവിലെയും വൈകുന്നേരവും മാതാപിതാക്കളാണ് കുട്ടികളെ കാടുകടത്താൻ കൂട്ടിനെത്തുന്നത്. പെരിക്കല്ലൂർ വനാതിർത്തിയിൽ നിന്ന് ഒന്നരകിലോമീറ്ററാണ് വെട്ടത്തൂരിലേക്കുള്ള ദൂരം.
പെരിക്കല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ കനാലിനടിയിലൂടെ വേനലിൽ കഷ്ടിച്ച് ചെറിയ വാഹനങ്ങൾ കടന്നുപോകും. കനാൽ കഴിഞ്ഞാൽ നിബിഡ വനമാണ്.
പകൽസമയത്തും ഇവിടെ കാട്ടാനകൾ പതിവാണ്. മഴയൊന്നു ചാറിയാൽ പിന്നെ വെട്ടത്തൂരിലേക്ക് ഒരു വാഹനവും കടന്നുപോകില്ല.
ഈ റോഡ് നന്നാക്കണമെന്ന ഗ്രാമവാസികളുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ചേകാടി റൂട്ടിൽനിന്നു വെട്ടത്തൂരിലേക്ക് മൺപാതയുണ്ട്.
ഈ വഴിയിൽ വെള്ളച്ചാലുള്ള ഭാഗം വനംവകുപ്പ് കോൺക്രീറ്റ് ചെയ്തിരുന്നു. എന്നാൽ, വന്യമൃഗങ്ങളുടെ ആവാസ മേഖലയെന്നതിനാൽ ഈ വഴി യാത്രയ്ക്ക് വനംവകുപ്പ് അനുമതി നൽകാൻ തയ്യാറാകാറില്ല.
റോഡ് നന്നായാൽ ഈ ഭാഗത്തേക്ക് ജനങ്ങളുടെ ഒഴുക്കാകും എന്നതും യാഥാർത്ഥ്യമാണ്. കബനിയും കുറുവദ്വീപും അതിർത്തിവരുന്ന ഈ ഭാഗത്തുകൂടിയാണ് വന്യജീവികളുടെ പോക്കുവരവ്.
കർണാടകവനത്തിൽനിന്ന് പാതിരിവനത്തിലേക്കും തിരിച്ചും ആനയും മാനുകളുമെല്ലാം കടന്നുപോകുന്നത് ഇതുവഴിയാണ്. വെട്ടത്തൂർ നിവാസികൾക്ക് സ്വന്തമായി ഭൂമിയോ എല്ലാവർക്കും സുരക്ഷിത പാർപ്പിടവുമോ ഇല്ല.
ഇവരെ പുനരധിവസിപ്പിച്ച് സ്വന്തമായി സ്ഥലവും ജീവിതസൗകര്യവുമൊരുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയാറാവുന്നില്ല.
വനത്തിലൂടെ നടന്നു പുറത്തെത്തിയാണ് ഇവർ കൂലിപ്പണി തേടുന്നത്. സ്വന്തമായി ഒരു വരുമാനവും ഈ ഊരുകാർക്കില്ല.
ഇവിടെ താമസിക്കുന്ന ചെട്ടിസമുദായക്കാർക്ക് ഭൂമിയുണ്ടെങ്കിലും കൃഷിചെയ്ത് ജീവിക്കാനാവില്ല. പകൽസമയത്തും ആനയും മാനുകളുമെല്ലാം കൃഷിയിടങ്ങളിൽ മേഞ്ഞു നടക്കുകയാണ്.
പൂർണമായും വനഭാഗമായ വെട്ടത്തൂരിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടാക്കുകയോ, അവരെ വനത്തിനു പുറത്തെത്തിച്ച് സൗകര്യങ്ങളൊരുക്കുകയോ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
കഴിഞ്ഞദിവസം ഊരിലെ ചന്ദ്രൻ ചങ്ങാടംമറിഞ്ഞ് കബനിയിലകപ്പെട്ടപ്പോൾ രക്ഷാപ്രവർത്തകർ സ്ഥലത്തെത്താൻ ഏറെ പാടുപെടേണ്ടി വന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

