പാലക്കാട് ഡിവിഷനിൽനിന്നു മംഗളൂരു വേർപെടുത്തിയ മാതൃകയിൽ, തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ കീഴിലുള്ള തമിഴ്നാട് പ്രദേശങ്ങൾ അവിടത്തെ ഡിവിഷനുകളിലേക്ക് മാറ്റണമെന്ന ആവശ്യവുമായി തമിഴ്നാട്ടിലെ പ്രാദേശിക കൂട്ടായ്മകൾ രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വിഷയം വീണ്ടും ചർച്ചയാകുന്നത്.
നിലവിൽ തിരുവനന്തപുരം ഡിവിഷന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ മധുര ഡിവിഷനിലും, പാലക്കാട് ഡിവിഷന്റെ പരിധിയിലുള്ള പൊള്ളാച്ചി പാത സേലം ഡിവിഷനിൽ ഉൾപ്പെടുത്തണമെന്നുമാണ് പ്രധാന ആവശ്യം. 2017ൽ നാഗർകോവിൽ പാത മധുര ഡിവിഷനിൽ ലയിപ്പിക്കാൻ ഔദ്യോഗിക തലത്തിൽ നീക്കങ്ങൾ നടന്നിരുന്നെങ്കിലും ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് ഇത് ഉപേക്ഷിക്കുകയായിരുന്നു.
കുഴിത്തുറ വെസ്റ്റ് മുതൽ തിരുനെൽവേലിക്കു സമീപം മേലെപ്പാളയം വരെയുള്ള പാത മധുരയ്ക്ക് കൈമാറുന്നതിനു പകരം, കൊല്ലം– ചെങ്കോട്ട പാതയിലെ കൊല്ലം മുതൽ ഭഗവതിപുരം വരെയുള്ള ഭാഗം തിരുവനന്തപുരം ഡിവിഷനിൽ ലയിപ്പിക്കാനായിരുന്നു അന്നത്തെ ആലോചന.
കന്യാകുമാരി, നാഗർകോവിൽ ടെർമിനലുകളിൽനിന്ന് കേരളത്തിലൂടെ തമിഴ്നാട്ടിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകൾ തങ്ങൾക്ക് ആവശ്യമില്ലെന്നാണ് കന്യാകുമാരിയിലെ ചില സംഘടനകളുടെ നിലപാട്. സമീപകാലത്താണ് തിരുവനന്തപുരം ഡിവിഷൻ കന്യാകുമാരിയിൽ 6 പ്ലാറ്റ്ഫോമുകൾ നിർമ്മിച്ചത്.
നാഗർകോവിൽ ജംക്ഷനിലും വൻ വികസന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. 5 പിറ്റ്ലൈനുകൾ, 9 സ്റ്റേബിളിങ് ലൈനുകൾ, 6 പ്ലാറ്റ്ഫോമുകൾ എന്നിവയാണ് ഇവിടെ സജ്ജമാകുന്നത്.
എന്നാൽ, നാഗർകോവിലിൽ റെയിൽവേ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നില്ലെന്ന പരാതി ശക്തമാണ്. തിരുവനന്തപുരം യാഡിൽ ഒരു കോച്ചിന് 2 തൊഴിലാളികൾ വീതം സേവനം ചെയ്യുമ്പോൾ, നാഗർകോവിലിൽ 3 കോച്ചുകൾക്ക് ഒരു ജീവനക്കാരൻ മാത്രമാണുള്ളത്.
തിരുനെൽവേലി– ബിലാസ്പൂർ, നാഗർകോവിൽ– ഷാലിമാർ, ദിബ്രുഗഡ്– കന്യാകുമാരി വിവേക് എക്സ്പ്രസ് എന്നീ സർവീസുകൾ തങ്ങൾക്ക് ആവശ്യമില്ലാത്തതിനാൽ ഇവ കേരളത്തിൽ യാത്ര അവസാനിപ്പിക്കണമെന്നാണ് മറ്റൊരു ആവശ്യം. ഇതിനു പകരം കൊങ്കൺ പാത വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന 3 ട്രെയിനുകൾ നാഗർകോവിലേക്ക് നീട്ടണമെന്നും ഇവർ ആവശ്യപ്പെടുന്നു.
തിരുവനന്തപുരം ഡിവിഷൻ ട്രെയിനുകൾ വൃത്തിയാക്കാനായി തങ്ങളുടെ സ്റ്റേഷനുകൾ മാത്രമാണ് ഉപയോഗിക്കുന്നതെന്നും, ഇതിനായി അനാവശ്യ സർവീസുകൾ തങ്ങളിൽ അടിച്ചേൽപ്പിക്കുകയാണെന്നുമാണ് പ്രധാന ആക്ഷേപം. അതേസമയം, പൊള്ളാച്ചി പാതയിലൂടെ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തുന്നില്ലെന്ന പരാതി നിലനിൽക്കുന്നുണ്ടെങ്കിലും, നിലവിൽ 9 ട്രെയിനുകൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

