പാലക്കാട് ഡിവിഷനിൽനിന്നു മംഗളൂരു വേർപെടുത്തിയതു പോലെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ തമിഴ്നാട് പ്രദേശങ്ങൾ അവിടത്തെ ഡിവിഷനുകളിൽ ചേർക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ച് തമിഴ്നാട്ടിലെ പ്രാദേശിക ഗ്രൂപ്പുകൾ. ഇപ്പോൾ തിരുവനന്തപുരം ഡിവിഷന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ മധുര ഡിവിഷനിലും പാലക്കാട് ഡിവിഷന്റെ ഭാഗമായ പൊള്ളാച്ചി, സേലം ഡിവിഷനിൽ ചേർക്കണമെന്നാണ് ആവശ്യം.
2017ൽ നാഗർകോവിൽപാത മധുര ഡിവിഷനിൽ ലയിപ്പിക്കാൻ നീക്കം നടന്നെങ്കിലും പ്രതിഷേധം മൂലം നടന്നിരുന്നില്ല. കുഴിത്തുറ വെസ്റ്റ് മുതൽ തിരുനെൽവേലിക്കു സമീപം മേലെപ്പാളയം വരെയുള്ള പാത മധുരയ്ക്കു കൈമാരുന്നതിനുപകരം കൊല്ലം–ചെങ്കോട്ട
പാതയിലെ കൊല്ലം മുതൽ ഭഗവതിപുരം വരെ തിരുവനന്തപുരം ഡിവിഷനിൽ ലയിപ്പിക്കാനുമായിരുന്നു നീക്കം. കന്യാകുമാരി, നാഗർകോവിൽ ടെർമിനലുകളിൽനിന്ന് കേരളത്തിലൂടെ തമിഴ്നാട്ടിലേക്കു പോകുന്ന ട്രെയിനുകൾ വേണ്ടെന്നാണ് കന്യാകുമാരിയിലെ സംഘടനകളുടെ നിലപാട്.
കന്യാകുമാരിയിൽ സമീപകാലത്താണ് 6 പ്ലാറ്റ്ഫോമുകൾ തിരുവനന്തപുരം ഡിവിഷൻ നിർമിച്ചത്. നാഗർകോവിൽ ജംക്ഷനിലും വിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്.
5 പിറ്റ്ലൈൻ, 9 സ്റ്റേബിളിങ് ലൈൻ, 6 പ്ലാറ്റ്ഫോമുകൾ എന്നിവയാണ് അവിടെ വരുന്നത്. എന്നാൽ, റെയിൽവേ നാഗർകോവിലിൽ ആവശ്യത്തിന് ജീവനക്കാരെ നൽകുന്നില്ലെന്നു പരാതിയുണ്ട്.
തിരുവനന്തപുരം യാഡിൽ ഒരു കോച്ചിന് 2 തൊഴിലാളികൾ വീതം ഉള്ളപ്പോൾ നാഗർകോവിലിൽ 3 കോച്ചുകൾക്ക് ഒരു ജീവനക്കാരനാണുള്ളത്. തിരുനെൽവേലി–ബിലാസ്പൂർ, നാഗർകോവിൽ–ഷാലിമാർ, ദിബ്രുഗഡ്–കന്യാകുമാരി വിവേക് എന്നീ ട്രെയിനുകൾ തങ്ങൾക്ക് ആവശ്യമില്ലാത്തതിനാൽ ഇവ കേരളത്തിൽ യാത്ര അവസാനിപ്പിക്കണമെന്നും പകരം കൊങ്കൺ വഴി തിരുവനന്തപുരത്തേക്കുള്ള 3 ട്രെയിനുകൾ നാഗർകോവിലിലേക്ക് നീട്ടണമെന്നുമാണ് ആവശ്യം.
തിരുവനന്തപുരം ഡിവിഷൻ ട്രെയിനുകൾ വൃത്തിയാക്കാനായി തങ്ങളുടെ സ്റ്റേഷനുകൾ ഉപയോഗിക്കുന്നുവെന്നും അതിനായി ആവശ്യമില്ലാത്ത പല ട്രെയിനുകളും അടിച്ചേൽപ്പിക്കുന്നു എന്നുമാണ് ആക്ഷേപം. പൊള്ളാച്ചി പാതയിലൂടെ കൂടുതൽ ട്രെയിനോടിക്കുന്നില്ലെന്നാണ് അവിടത്തെ പരാതി.
എന്നാൽ 9 ട്രെയിനുകൾ പൊള്ളാച്ചി വഴി സർവീസ് നടത്തുന്നുണ്ട്. മംഗളൂരു വേർപെടുതൽ മൂലം പാലക്കാട് റെയിൽവേ ഡിവിഷനും കേരളത്തിനുമുണ്ടായ നഷ്ടങ്ങൾ ചൂണ്ടിക്കാട്ടാൻ യുഡിഎഫ് എംപിമാർ ഡൽഹിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തുമെന്ന് എം.കെ.രാഘവൻ എംപി പറഞ്ഞു.
നീതികേട് വിവാദമായിട്ടും കേരളത്തിലെ എംപിമാരെ ചർച്ചയ്ക്കു വിളിക്കാൻ റെയിൽവേ തയാറായിട്ടില്ല. കേരളത്തോട് ആലോചിക്കാതെ ഡിവിഷൻ വെട്ടിമുറിച്ചതു വഞ്ചനയാണ്.
പാലക്കാട് ഡിവിഷന് മലബാർ മേഖലയിലേക്കു പുതിയ ട്രെയിനുകളോടിക്കാൻ കഴിയാത്ത നില വരും. റെയിൽവേ ബോർഡ് ചെയർമാനെയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്നും രാഘവൻ പറഞ്ഞു.
തിരുവോണ ദിനത്തിൽ പാലക്കാട് ഡിവിഷനു മുന്നിൽ യുഡിഎഫ് എംപിമാർ സമരം നടത്തിയിരുന്നു. ഡൽഹിയിൽ റെയിൽ ഭവനു മുന്നിലും പ്രതിഷേധിക്കാൻ എംപിമാരുടെ യോഗം തീരുമാനിച്ചിട്ടുണ്ടെന്നു എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

