രാജ്യത്ത് 10ന്റെ നോട്ടുകൾ പൂർണമായും നിരോധിക്കാൻ പാക്കിസ്ഥാൻ ഒരുങ്ങുന്നു. അച്ചടിച്ചെലവ് കുറയ്ക്കുകയാണ് ഉദ്ദേശ്യമെന്ന് പാക്കിസ്ഥാന്റെ കേന്ദ്രബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ (എസ്പിബി) ഡപ്യൂട്ടി ഗവർണർ ഡോ.
ഇനായത്ത് ഹുസൈൻ പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നു. കള്ളനോട്ടടി തടയാനായി 5000 രൂപയുടെ പുതിയ രൂപകൽപനയോടെയുള്ള പുത്തൻ കറൻസി പുറത്തിറക്കുമെന്നും ഡോ.
ഇനായത്ത് ഹുസൈൻ വ്യക്തമാക്കി. 5000ന്റെ പുതിയ നോട്ട് പുറത്തിറക്കാൻ കഴിഞ്ഞ 2 വർഷമായി പാക്കിസ്ഥാൻ ശ്രമിച്ചുവരികയാണ്.
താൻ ഇക്കാര്യം പലവട്ടം ആവശ്യപ്പെട്ടിട്ടും എസ്ബിപി മൗനം പാലിക്കുകയായിരുന്നെന്ന് സെനറ്റർ സലീം മാണ്ട്വിവാല പറഞ്ഞു. പാക്കിസ്ഥാനിൽ നിലവിൽ പ്രചാരത്തിലുള്ള 5000ന്റെ നോട്ട് അവതരിപ്പിച്ചത് 2005ലാണ്.
തുടർന്ന്, സാങ്കേതികവിദ്യ ശക്തമായതോടെ കള്ളനോട്ടടിക്കുന്നത് എളുപ്പമായെന്നും ഈ സാഹചര്യത്തിലാണ് പുത്തൻ രൂപകൽപന വേണമെന്ന് താൻ ആവശ്യപ്പെട്ടതെന്നും സലീം മാണ്ട്വിവാല കൂട്ടിച്ചേർത്തു. ഇപ്പോൾ പുതിയ 5000ന്റെ നോട്ട് അച്ചടിക്കാൻ ടെൻഡർ വിളിച്ചിട്ടുണ്ട്.
ഓരോ നോട്ട് അടിക്കാനും 14 രൂപയാണ് ചെലവ്. അതേസമയം, പുതിയ നോട്ടിനുള്ള നിർദേശങ്ങൾ വച്ചവർതന്നെ അടിക്കടി മാറ്റങ്ങൾ പറയുന്നതാണ് തീരുമാനം വൈകാൻ കാരണമെന്ന് സെനറ്റർ അനുഷ റഹ്മാൻ അറിയിച്ചു.
ഇന്ത്യയിൽ പോളിമർ നോട്ടുകൾ അവതരിപ്പിക്കുന്നതിനുള്ള ടെൻഡർ റിസർവ് ബാങ്ക് വിളിച്ചിട്ടുണ്ട്. നനഞ്ഞാലോ ചുരുണ്ടാലോ നശിക്കുന്നതാണ് നിലവിലെ കടലാസ് നോട്ടുകൾ.
ഇവ പിൻവലിക്കാതെ തന്നെ പ്ലാസ്റ്റിക് (പോളിമർ) നോട്ടുകൾ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2009 മുതൽ തന്നെ പ്ലാസ്റ്റിക് നോട്ടിനുള്ള നീക്കങ്ങൾ ഇന്ത്യ ആരംഭിച്ചിരുന്നു.
അന്ന് 10 രൂപയുടെ 100 കോടി പ്ലാസ്റ്റിക് നോട്ടുകൾ പ്രിന്റ് ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപനം നടത്തിയിരുന്നു. വ്യത്യസ്ത ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള കൊച്ചിയടക്കം 5 നഗരങ്ങളിൽ ട്രയൽ നടത്തുമെന്നാണ് അന്ന് അറിയിച്ചിരുന്നത്.
എന്നാൽ സാങ്കേതികകാരണങ്ങളാൽ പദ്ധതി മുന്നോട്ടുപോയില്ല. ഏകദേശം 60 രാജ്യങ്ങളിൽ പൂർണമായോ ഭാഗികമായോ പോളിമർ നോട്ടുകൾ നിലവിലുണ്ട്.
ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, ന്യൂസിലൻഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. തുടക്കത്തിൽ 10 രൂപയുടെയും 20 രൂപയുടെയും 100 കോടി വീതം പോളിമർ നോട്ടുകളാകും റിസർവ് ബാങ്ക് പുറത്തിറക്കുക.
മൊത്തം കറൻസികളുടെ എണ്ണം പരിഗണിച്ചാൽ 10 രൂപയുടെയും 20 രൂപയുടെയും കറൻസികളുടെ ആകെ വിഹിതം 24.3 ശതമാനമാണ്. എണ്ണത്തിൽ കാര്യമായുണ്ടെങ്കിലും ഈ കറൻസികളുടെ ആകെ മൂല്യം 1.4% മാത്രമാണ്.
മൂല്യം കുറവാണെങ്കിലും കാര്യമായി ഉപയോഗിക്കുന്നതിനാൽ 10, 20 രൂപ നോട്ടുകൾ എളുപ്പത്തിൽ നശിക്കാനുള്ള സാധ്യതയുണ്ട്. പ്ലാസ്റ്റിക്കിലേക്കു മാറിയാൽ ഈ പ്രതിസന്ധി പരിഹരിക്കാനാകും.
ഓസ്ട്രേലിയയിലും മറ്റും പ്ലാസ്റ്റിക് പെല്ലറ്റുകൾ ഉരുക്കിയാണ് പോളിമർ ഷീറ്റുകൾ നിർമ്മിക്കുന്നത്. നിലവിൽ പ്രതിവർഷം 4,800 കോടി രൂപ മുതൽ 6,300 കോടി രൂപ വരെയാണ് കറൻസി അച്ചടിക്കാൻ റിസർവ് ബാങ്ക് ചെലവഴിക്കുന്നത്.
പോളിമർ കറൻസി പ്രിന്റ് ചെയ്യാൻ ചെലവ് 30 മുതൽ 60% വരെ കൂടുതലാണെങ്കിലും അതിന്റെ ആയുസ്സ് താരതമ്യേന കൂടുതലായതിനാൽ ദീർഘകാലത്തിൽ ചെലവ് കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പേപ്പർ നോട്ടുകളെ അപേക്ഷിച്ച് 2.5 മുതൽ 4 മടങ്ങുവരെ ആയുസ്സ് പ്ലാസ്റ്റിക് നോട്ടുകൾക്ക് ലഭിക്കും.
ഓസ്ട്രേലിയയാണ് ലോകത്ത് ആദ്യമായി (1992–96) പൂർണമായും പോളിമർ കറൻസിയിലേക്കു മാറിയ രാജ്യം. അനുകരിക്കാൻ പ്രയാസമായതിനാൽ കള്ളനോട്ടുകളും കുറയുമെന്നാണ് കണക്കുകൂട്ടൽ.
ഇതിനായി എടിഎം അടക്കമുള്ള സംവിധാനങ്ങളും പുതുതായി സജ്ജീകരിക്കേണ്ടി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

