ഉത്രാടനാളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയതിന്റെ അനുഭവം പങ്കുവെച്ച് ഇടുക്കി എസ്ഐ ടി.ബി.ബിബിൻ. കുടുംബകലഹത്തെത്തുടർന്ന് കടുത്ത മനോവിഷമത്തിലായ ഗൃഹനാഥൻ മുറിയടച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
വിവരമറിഞ്ഞ് വെറും 15 മിനിറ്റ് കൊണ്ടുതന്നെ പൊലീസ് സംഘം സ്ഥലത്തെത്തി. വീടിനു പുറത്തുള്ള ഭാര്യയും മകളും നിലവിളിക്കുന്നതിനിടയിൽ, മുറ്റത്തോടു ചേർന്നുള്ള മുറിയുടെ ജനൽ വഴി നോക്കിയപ്പോൾ കാണുന്നത് നടുക്കുന്ന കാഴ്ചയായിരുന്നു.
വയറുപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് കട്ടിലിനു മുകളിൽ നിൽക്കുന്ന നിലയിലായിരുന്നു അദ്ദേഹം. ബലമായി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി രക്ഷാപ്രവർത്തനം നടത്താൻ സാധിക്കാത്ത സാഹചര്യമായിരുന്നു അവിടെയുണ്ടായിരുന്നതെന്ന് എസ്ഐ വ്യക്തമാക്കി.
തുടർന്ന് അനുനയത്തിലൂടെ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമം ആരംഭിച്ചു. ഏകദേശം 40 മിനിറ്റോളം സംസാരിച്ചിട്ടും അദ്ദേഹം വഴങ്ങാൻ തയ്യാറായില്ല.
കരഞ്ഞുകൊണ്ട് കട്ടിലിനു താഴേക്കു കാൽ നീട്ടുകയും കണ്ണുകൾ അടയ്ക്കുകയും ചെയ്തതോടെ സ്ഥിതി ഗുരുതരമാണെന്ന് ബോധ്യപ്പെട്ടു. ആ നിർണായക നിമിഷത്തെക്കുറിച്ച് എസ്ഐയുടെ വാക്കുകൾ ഇങ്ങനെ: ‘‘എന്നെ ഒരു മകനെപ്പോലെ കണ്ട് ഒരു പത്തു മിനിറ്റു താ ചേട്ടാ… എന്തു പ്രശ്നമാണെങ്കിലും പരിഹരിക്കാം’’ എന്ന് താൻ വിളിച്ചുപറയുകയായിരുന്നു.
ആ വാക്കുകൾ അദ്ദേഹത്തിന്റെ മനസ്സിനെ സ്വാധീനിച്ചു. ആ വാചകം വീണ്ടും ആവർത്തിച്ചതോടെ അദ്ദേഹം കുരുക്കഴിച്ച് കട്ടിലിൽനിന്നു താഴേക്കിറങ്ങിവന്ന് വാതിൽ തുറന്നു നൽകുകയായിരുന്നു.
പെട്ടെന്ന് കടുത്ത പൊലീസ് നടപടികളിലേക്ക് കടന്നിരുന്നെങ്കിൽ അത് വലിയ ദുരന്തത്തിൽ കലാശിച്ചേക്കാമായിരുന്നു. മനുഷ്യരുടെ ഉള്ളിലെ സങ്കടങ്ങളെ തൊട്ടറിയാൻ ചിലപ്പോൾ ഇത്തരം ആത്മാർത്ഥമായ വാക്കുകൾ ആവശ്യമാണെന്നും ഈ വിഷയം കൃത്യമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞത് ദൈവാനുഗ്രഹം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

