മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തന്റെ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിലുള്ള മനോവിഷമമാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന വിവരം.
മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട ശേഷമാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.
പ്രതിഷേധം സിസ്റ്റത്തോട്
ഏജന്റുമാരുടെ സഹായമില്ലാതെ നേരിട്ട് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ നിരന്തരമായി ഫിറ്റ്നസ് നിഷേധിക്കപ്പെട്ടുവെന്ന് ഷൗക്കത്തലി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. “കൈക്കൂലി കൊടുത്തില്ല എന്ന ഏക കാരണം കൊണ്ട് അവർ എന്റെ ജീവിത മാർഗം തന്നെ തകർത്തു.
സിസ്റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് എന്റെ ആത്മാഹുതി,” അദ്ദേഹം കുറിപ്പിൽ പറയുന്നു. തന്റെ മരണത്തിന് മോട്ടോർ വാഹന വകുപ്പ് മാത്രമാണ് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു.
ഇഎംഐ കുടിശ്ശികയും സാമ്പത്തിക പ്രതിസന്ധിയും
കഴിഞ്ഞ പത്ത് മാസമായി മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾ കയറിയിറങ്ങിയെന്നും, വാഹനം സംബന്ധമായ നടപടികൾ തടസ്സപ്പെട്ടതോടെ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “എന്റെ ഇഎംഐ മുഴുവൻ മുടങ്ങി കഴിഞ്ഞു.
ക്രെഡിറ്റ് സ്കോർ 820ൽ നിന്ന് 600ലേക്ക് താഴ്ന്നു,” എന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിൽ ആശങ്ക
കേസിൽ ഉന്നതതല അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
“എന്റെ വിഷയത്തിൽ എപ്പോഴത്തെയും പോലെ ഒരു അന്വേഷണ പ്രഹസനമാണ് നടക്കുന്നത് എങ്കിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർ തീർച്ചയായും രക്ഷപ്പെടും. ബഹുമാനപ്പെട്ട
ആഭ്യന്തര മന്ത്രിയും, ഹൈക്കോടതിയും വിഷയത്തിൽ ഇടപെടണമെന്ന് അവസാന ആഗ്രഹമെന്ന നിലയിൽ പറയുന്നു,” എന്നും അദ്ദേഹം കുറിച്ചു. ഏജന്റ് സംവിധാനമാണ് അഴിമതിക്ക് വഴിയൊരുക്കുന്നതെന്നും, ഇതിനെതിരെ ജനങ്ങൾ വിവരാവകാശ നിയമം ഉപയോഗിച്ച് ശബ്ദമുയർത്തണമെന്നും അദ്ദേഹം മരണമൊഴിയിൽ ആഹ്വാനം ചെയ്തു.
അഴിമതിക്കെതിരായ പോരാട്ടത്തിന് പ്രചോദനമായി പ്രശാന്ത് ഐഎഎസ് എഴുതിയ ‘സിസ്റ്റം ഔട്ട് കംപ്ലീറ്റ്’ എന്ന പുസ്തകവും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

