ഓണക്കാലത്ത് പൊതുവിപണിയിലെ സർക്കാർ ഇടപെടലുകൾ തീർത്തും പരാജയപ്പെട്ടുവെന്ന് മുൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ കുറ്റപ്പെടുത്തി.
മുൻവർഷത്തെയും നിലവിലുള്ള വർഷത്തെയും സപ്ലൈകോയുടെ കണക്കുകൾ തമ്മിൽ വലിയ അന്തരമുണ്ട്. കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ സർക്കാരിനും ഉദ്യോഗസ്ഥർക്കും ഗുരുതര വീഴ്ച സംഭവിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും റേഷൻ കടകൾ വഴി കുറഞ്ഞ നിരക്കിൽ അരി ലഭ്യമാക്കിയിരുന്നു. എന്നാൽ ഇത്തവണ അരിയുടെ വില വർദ്ധിപ്പിക്കുകയും അളവ് ഗണ്യമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു.
സപ്ലൈകോ വഴിയുള്ള വിറ്റുവരവിലും വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 3 വരെ നീണ്ടുനിന്ന ഓണച്ചന്തയിലൂടെ വൻ വിൽപ്പനയാണ് നടന്നതെങ്കിൽ, ഇത്തവണ സബ്സിഡി സാധനങ്ങളുടെ വിറ്റുവരവ് വളരെ കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഉത്രാട ദിനത്തിലും കിറ്റ് വിതരണം പൂർത്തിയായില്ലെന്ന ആക്ഷേപത്തെക്കുറിച്ച് സംസാരിക്കവെ, അവസാന നിമിഷം സാധനങ്ങൾ വാങ്ങാനെത്തുന്ന പാവപ്പെട്ടവരെ മടക്കി അയക്കാൻ കഴിയില്ലെന്നും അന്ന് ആ സർക്കാർ സ്വീകരിച്ചത് സ്വാഭാവികമായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതാവ് സംബന്ധിച്ച സിപിഐയുടെ നിലപാട് പാർട്ടി സംസ്ഥാന സെക്രട്ടറി ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞതാണെന്നും, അതിനപ്പുറത്തേക്ക് തനിക്ക് ഒന്നും പറയാനില്ലെന്നും ജി.ആർ. അനിൽ വ്യക്തമാക്കി.
ഇക്കാര്യത്തിൽ പാർട്ടിയിൽ യാതൊരുവിധ ഭിന്നാഭിപ്രായവുമില്ലെന്നും സെക്രട്ടറിയുടെ നിലപാടാണ് എല്ലാവരുടെയും നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

