മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുതര പ്രതിസന്ധി. ആശുപത്രിയിലെ ആകെയുള്ള 29 ശീതീകരണ ചേംബറുകളിൽ 27ലും ഏറ്റെടുക്കാൻ ആളില്ലാത്ത മൃതദേഹങ്ങളാണ് അവശേഷിക്കുന്നത്.
ഇവയിൽ 25 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് പൊലീസ് എൻഒസി നൽകാനുണ്ട്. എൻഒസി ലഭിച്ച മൃതദേഹങ്ങൾ സംസ്കരിക്കേണ്ട
ചുമതല പഞ്ചായത്ത് രാജ് നിയമമനുസരിച്ച് അവണൂർ പഞ്ചായത്തിനാണ്. എന്നാൽ ആശുപത്രി സൂപ്രണ്ടിന്റെ കത്ത് 17ന് ലഭിച്ചു എന്ന് സമ്മതിക്കുന്ന രണ്ട് മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനും പഞ്ചായത്ത് ഇതുവരെ തയാറായിട്ടില്ല.
തദ്ദേശ ഭരണ സ്ഥാപന പരിധിയിൽ ഉണ്ടാകുന്ന അവകാശികളില്ലാത്ത മൃതദേഹങ്ങൾ പൊലീസ് ക്ലിയറൻസ് ഉറപ്പാക്കി സംസ്കരിക്കേണ്ട നിർബന്ധ പൂർവമായ ചുമതല ബന്ധപ്പെട്ട
തദ്ദേശഭരണ സ്ഥാപനത്തിനാണെന്നു പഞ്ചായത്ത് രാജ് ആക്ടിൽ നിഷ്കർഷിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ മരിച്ച രോഗി മറ്റൊരു ജില്ലയിലെ സ്ഥിര താമസക്കാരൻ ആയാൽ പോലും സംസ്കാര ചുമതല ആ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനത്തിനു കൈമാറാൻ കഴിയുന്നതല്ലെന്നും നിയമത്തിൽ അനുശാസിക്കുന്നു.
സംസ്കാരത്തിന് തദ്ദേശഭരണം ചെലവഴിക്കുന്ന തുക ഈടാക്കുന്നതിന് പ്രത്യേക അക്കൗണ്ടും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രി പൂർണമായും അവണൂർ പഞ്ചായത്ത് പരിധിയിലാണ്.
ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് കാലത്ത് ആശുപത്രിയിലെത്തിച്ച നൂറിലേറെ മൃതദേഹങ്ങൾ സംസ്കരിക്കുന്ന ചുമതല അവണൂർ പഞ്ചായത്തിന് ഏറ്റെടുക്കേണ്ടി വന്നത്. ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിനുള്ള ചെലവ് മാത്രമാണ് പഞ്ചായത്ത് വഹിക്കേണ്ടി വരുന്നത്.
മൃതദേഹം പഞ്ചായത്ത് ക്രമീകരിക്കുന്ന ശ്മശാനത്തിൽ മെഡിക്കൽ കോളജ് ആശുപത്രി ആംബുലൻസിൽ സൗജന്യമായി എത്തിക്കും. മൃതദേഹം മോർച്ചറിയിൽ നിന്ന് കയറ്റുന്നതിനും ശ്മശാനത്തിൽ ഇറക്കുന്നതിനും രണ്ട് ആശുപത്രി ജീവനക്കാരുടെ സേവനവും ആശുപത്രി വിട്ടു നൽകുന്നുണ്ട്.
ബന്ധപ്പെട്ട പേപ്പറുകൾ കൈമാറുന്നതിനും സംസ്കാര നടപടികൾ ശ്മശാനത്തിൽ ക്രമീകരിക്കുന്ന നടപടികളുമാണ് പഞ്ചായത്ത് ഏറ്റെടുത്ത് പൂർത്തീകരിക്കേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

