നദികളിൽ മഴയുടെ സാന്നിധ്യമില്ലാതെയാണ് നേപ്പാളിലെ റസുവ ജില്ലയിൽ ഭോട്ടെകോഷി, തൃശൂലി നദികൾ കരകവിഞ്ഞൊഴുകിയത്. അന്തരീക്ഷത്തിൽ കരിമേഘങ്ങളോ താഴ്വരകളിൽ കനത്ത മഴയോ ഇല്ലാതെ മലനിരകളിൽ നിന്ന് പെട്ടെന്നിടിച്ചുകയറിയ കൂറ്റൻ മലവെള്ളപ്പാച്ചിലിന് കാരണം ‘ഗ്ലോഫ്’ അഥവാ ഹിമതടാക വിസ്ഫോടനമാണെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.
ഉയർന്ന മലനിരകളിലെ ഹിമാനികൾ ഉരുകുന്നതിലൂടെ ഒലിച്ചുവരുന്ന മണ്ണും പാറക്കല്ലുകളും അടിഞ്ഞുകൂടി സ്വാഭാവിക തടയണകൾ രൂപപ്പെടാറുണ്ട്. ഇത്തരം തടയണകളിൽ വെള്ളം കെട്ടിക്കിടന്ന് കാലക്രമേണ വലിയ തടാകങ്ങളായി മാറുന്നവയാണ് ഹിമതടാകങ്ങൾ.
കോൺക്രീറ്റ് ഡാമുകളെപ്പോലെ ബലമുള്ളവയല്ല മണ്ണും കല്ലും മഞ്ഞും ചേർന്നുള്ള ഈ പ്രകൃതിദത്ത തിട്ടകൾ. ആഗോളതാപനത്തിന്റെ ഭാഗമായി മഞ്ഞുരുകൽ അതിശക്തമാകുമ്പോൾ തടാകങ്ങളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നു.
ഭൂചലനമോ വലിയ ഹിമപാതമോ സംഭവിക്കുമ്പോൾ ഈ സ്വാഭാവിക ഭിത്തികൾ തകരുന്ന അവസ്ഥയുണ്ടാകുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് തികച്ചും അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലുണ്ടായത്.
ഈ സമയം പരിസരപ്രദേശങ്ങളിൽ എവിടെയും മഴ പെയ്തിരുന്നില്ല. ചൈനയുമായുള്ള നേപ്പാളിന്റെ പ്രധാന വ്യാപാര പാതയായ റസുവഗഡി അതിർത്തി കേന്ദ്രം, ടിമുറെ, സ്യാഫ്രുബെസി, ബെത്രാവതി തുടങ്ങിയ മേഖലകൾ നിമിഷനേരം കൊണ്ട് വെള്ളത്തിനടിയിലായി.
111 മെഗാവാട്ടിന്റെ റസുവഗഡി പദ്ധതി, ചിലിമെ, തൃശൂലി-3എ ഉൾപ്പെടെ പത്തിലധികം ജലവൈദ്യുത പദ്ധതികൾ തകരുകയോ അവയുടെ പ്രവർത്തനം പൂർണമായി നിലയ്ക്കുകയും ചെയ്തു. റസുവയിൽ നിന്ന് ഏകദേശം 36 കിലോമീറ്റർ അകലെ, സമുദ്രനിരപ്പിൽ നിന്ന് 5,100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലെൻഡെ നദിയിലേക്ക് കൂറ്റൻ മഞ്ഞുമല ഇടിഞ്ഞുവീണതാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഹിമപാതത്തെ തുടർന്ന് നദീതടം പൂർണ്ണമായി അടഞ്ഞുപോവുകയും അവിടെ രൂപപ്പെട്ട വലിയ ജലസംഭരണി പെട്ടെന്ന് തകർന്ന് താഴേക്ക് കുതിച്ചൊഴുകുകയായിരുന്നുവെന്ന് കാഠ്മണ്ഡു സർവകലാശാലയിലെ പരിസ്ഥിതി ഗവേഷകൻ പ്രൊഫ.
റിജൻ ഭക്ത കായസ്ഥ പറഞ്ഞതായി കാത്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

