നടപ്പു സാമ്പത്തിക വർഷമായ 2026-27 ലെ ആദ്യ ത്രൈമാസമായ ഏപ്രിൽ-ജൂൺ കാലയളവിൽ പ്രവാസി നിക്ഷേപങ്ങളിൽ വലിയ തോതിലുള്ള ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രവാസികൾ തങ്ങളുടെ നിക്ഷേപ പ്ലാനുകൾ മാറ്റിയതാണ് ഇതിന് പ്രധാന കാരണം.
റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏപ്രിൽ-ജൂൺ മാസങ്ങളിൽ എൻആർഇ (നോൺ-റസിഡന്റ് എക്സ്റ്റേണൽ) അക്കൗണ്ടുകളിലേക്കെത്തിയ പണം 93% ഇടിഞ്ഞ് 0.14 ബില്യൻ ഡോളർ മാത്രമായി ചുരുങ്ങി. നോൺ-റസിഡന്റ് ഓർഡിനറി (എൻആർഒ) അക്കൗണ്ടിലൂടെ 0.9 ബില്യൻ ഡോളറുമാണ് എത്തിയത്.
കഴിഞ്ഞ പാദത്തിലെ ആകെ എൻആർഐ നിക്ഷേപത്തിൽ 23% കുറവുണ്ടായി അത് 2.77 ബില്യൻ ഡോളറായി മാറിയെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷം അതായത് 2025-26 ലെ ഏപ്രിൽ-ജൂണിൽ 3.61 ബില്യൻ ഡോളറായിരുന്നു ഇന്ത്യയിലെത്തിയ എൻആർഐ നിക്ഷേപം.
ഇറാൻ-യുഎസ് യുദ്ധ പശ്ചാത്തലത്തിൽ വിദേശനാണയ ശേഖരത്തിനും രൂപയ്ക്കും ഉണ്ടായ തളർച്ച പ്രതിരോധിക്കാൻ റിസർവ് ബാങ്ക് കൊണ്ടുവന്ന പ്രത്യേക ഫോറിൻ-കറൻസി നോൺ-റസിഡന്റ് ഡെപ്പോസിറ്റുകൾ (എഫ്സിഎൻആർ-ബി) അക്കൗണ്ടുകളിലേക്കാണ് പ്രവാസികൾ പ്രധാനമായും പണം മാറ്റിയത്. സെപ്റ്റംബർ മാസം വരെ ലഭിക്കുന്ന പ്രവാസിപ്പണത്തിന് ഇരട്ടിയോളം പലിശ ലഭിക്കുമെന്ന ഓഫർ എത്തിയതോടെ പ്രവാസികൾ ഈ അക്കൗണ്ടുകളിലേക്ക് നിക്ഷേപം ഒഴുക്കുകയായിരുന്നു.
124% വർധനവോടെ 1.73 ബില്യൻ ഡോളറാണ് ഏപ്രിൽ-ജൂണിൽ എഫ്സിഎൻആർ (ബി) അക്കൗണ്ടുകൾ വഴി എത്തിയത്. മുൻവർഷം ഇത് വെറും 774 മില്യൻ ഡോളർ മാത്രമായിരുന്നു.
മൊത്തം നിക്ഷേപത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. എൻആർഒയും എഫ്സിഎൻആർ-ബിയും അടക്കമുള്ള ആകെ എൻആർഐ നിക്ഷേപം കഴിഞ്ഞ പാദത്തിൽ 168.50 ബില്യൻ ഡോളറാണെന്ന് റിസർവ് ബാങ്ക് പറയുന്നു.
മുൻവർഷം ഇത് 168.32 ബില്യൻ ഡോളറായിരുന്നു. അതേസമയം എഫ്സിഎൻആർ (ബി) അക്കൗണ്ടുകളിലെ ആകെ നിക്ഷേപം 33.58 ബില്യനിൽ നിന്ന് 35.48 ബില്യൻ ഡോളറായി ഉയർന്നു.
തുടക്കത്തിൽ എഫ്സിഎൻആർ (ബി) അക്കൗണ്ടുകൾക്കുള്ള ആനുകൂല്യം സെപ്റ്റംബർ 30 വരെ ഉണ്ടാകുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രഖ്യാപനം. പദ്ധതി കാലാവധിക്ക് മുൻപ് നിർത്താൻ ഉദ്ദേശമില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയും വ്യക്തമാക്കിയിരുന്നു.
എന്നാൽ പിന്നീട് റിസർവ് ബാങ്ക് നിലപാട് മാറ്റുകയും ഓഗസ്റ്റ് 31 ഓടെ പ്രത്യേക ആനുകൂല്യം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടക്കത്തിൽ 30 ബില്യനും പിന്നീട് 50 ബില്യനും പ്രതീക്ഷിച്ചിടത്ത് 70 ബില്യൻ ഡോളറിലധികം ലഭിച്ച സാഹചര്യത്തിലാണ് പദ്ധതി മുൻകൂട്ടി അവസാനിപ്പിച്ചത്.
പ്രവാസികൾ പദ്ധതിയെ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ ഓഗസ്റ്റ് 21 വരെയുള്ള കണക്കുകൾ മാത്രം പരിശോധിച്ചപ്പോൾ 72.85 ബില്യൻ ഡോളറാണ് റിസർവ് ബാങ്കിന്റെ ഇളവുപദ്ധതിയിലേക്ക് ആകെ എത്തിയ പ്രവാസി നിക്ഷേപം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

