പാക്കിസ്ഥാനിലെ സർക്കാർ ആശുപത്രിയിലുണ്ടായ വൻ അഗ്നിബാധയിൽ 14 പിഞ്ചുകുഞ്ഞുങ്ങൾ ദാരുണമായി വെന്തുമരിച്ചു. രാജ്യത്തെ നടുക്കിയ ഈ ദുരന്തം നടന്നത് ബുധനാഴ്ച പുലർച്ചെയാണ്.
പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലെ മദർ ആൻഡ് ചൈൽഡ് വാർഡിലാണ് തീപിടിത്തമുണ്ടായത്. ഇവിടെയുണ്ടായിരുന്ന 15 കുഞ്ഞുങ്ങളിൽ ഒരാളെ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെടുത്താൻ സാധിച്ചത്.
ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള എയർ കണ്ടീഷണറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് വൻ ദുരന്തത്തിലേക്ക് നയിച്ചത്. തീ പടർന്നതോടെ വാർഡാകെ കറുത്ത പുകകൊണ്ട് മൂടുകയും കുഞ്ഞുങ്ങൾ ഉള്ളിൽ കുടുങ്ങിപ്പോവുകയും ചെയ്തു.
ദിവസങ്ങൾക്ക് മുൻപ് മാത്രം പ്രസവിച്ച സ്വന്തം കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച് ചില അമ്മമാർ താഴേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും, തീവ്രപരിചരണ വിഭാഗത്തിൽ കിടന്നിരുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാൻ ആർക്കും കഴിഞ്ഞില്ല. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് രക്ഷാപ്രവർത്തകരും പൊലീസും സ്ഥലത്തെത്തിയതെന്ന് മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ആരോപിച്ചു.
‘‘എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടു. അവൾക്ക് വെറും മൂന്ന് ദിവസം മാത്രമായിരുന്നു പ്രായം.
രക്ഷാപ്രവർത്തകർ വരാൻ ഒത്തിരി സമയമെടുത്തു’’ – ഖുറം മഹ്മൂദ് എന്ന പിതാവ് കണ്ണീരോടെ ബിബിസിയോട് പറഞ്ഞു. പ്രസവ വാർഡിന്റെ പ്രധാന വാതിലുകൾ അധികൃതർ പൂട്ടിയിട്ടിരുന്നതാണ് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചതെന്ന് ജവേരിയ എന്ന അമ്മ കുറ്റപ്പെടുത്തി.
‘‘രണ്ട് മണിക്കൂറോളമാണ് ഞാൻ എന്റെ കുഞ്ഞിനായി അവിടെക്കിടന്ന് അലറിക്കരഞ്ഞത്. ഡോക്ടർമാരും ജീവനക്കാരും കുഞ്ഞുങ്ങളെ അവിടെയിട്ട് ഓടിരക്ഷപ്പെട്ടു.
നാല് മണിക്കൂർ കഴിഞ്ഞാണ് പൊലീസ് അന്വേഷിക്കാൻ വന്നത്. ഒരു കുഞ്ഞിനെപ്പോലും രക്ഷിക്കാൻ ആർക്കും കഴിഞ്ഞില്ല’’ – ജവേരിയ വ്യക്തമാക്കി.
മുൻപ് സർക്കാർ ആശുപത്രികളിൽ നിന്നും കുഞ്ഞുങ്ങളെ മോഷ്ടിക്കുന്ന സംഭവങ്ങൾ ഉണ്ടായതിനാലാണ് വാർഡിലേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

