ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ഇറാൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കപ്പലുകളിൽ രണ്ട് ഇന്ത്യൻ ടാങ്കറുകളും ഉൾപ്പെടുന്നു. ഇന്ത്യൻ പതാകയേന്തിയ ഒരു എൽ.എൻ.ജി.
ടാങ്കറും ഒരു എണ്ണ ടാങ്കറുമാണ് ഇറാന്റെ നടപടിക്ക് വിധേയമായിട്ടുള്ളത്. ഇറാന്റെ ഔദ്യോഗിക പട്ടികയിലുള്ള ചില കപ്പലുകൾ ഇന്ത്യയിലേക്ക് ചരക്കുമായി എത്തുന്ന മറ്റ് രാജ്യങ്ങളുടെ പതാകയുള്ള ടാങ്കറുകൾ ആണെന്നും ഇതിനിടെ സൂചനകൾ പുറത്തുവന്നിട്ടുണ്ട്.
കൂടാതെ, ഒരു പാകിസ്ഥാനി ടാങ്കറും ഇറാന്റെ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടയാണ്, രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഉൾപ്പെടെയുള്ള 50 ചരക്കുകപ്പലുകൾക്ക് യാത്രാനുമതി നിഷേധിച്ചുകൊണ്ടുള്ള നടപടി വന്നിരിക്കുന്നത്.
സാമ്പത്തിക യുദ്ധവും യഥാർത്ഥ യുദ്ധവും അതേസമയം, അമേരിക്ക തങ്ങൾക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക ഉപരോധത്തെ ഒരു യഥാർത്ഥ യുദ്ധത്തിന് തുല്യമായി കണ്ട് പ്രതിരോധിക്കുമെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം. ഉപരോധ നടപടികളുമായി സഹകരിക്കുന്ന രാജ്യങ്ങൾക്കെതിരെ ദേശീയ താത്പര്യം മുൻനിർത്തി കർശന നിലപാട് സ്വീകരിക്കുമെന്ന് ഇറാന്റെ ആക്ടിങ് പ്രതിരോധ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
മറ്റുള്ളവരുടെ ആക്രമണങ്ങളുടെ പേരിൽ മേഖലയിലെ മറ്റ് രാജ്യങ്ങളെ അനാവശ്യ സംഘർഷങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് ഖത്തർ ഇതിനിടെ പ്രതികരിച്ചു. ഇതിനിടയിൽ, ഹോർമുസ് കടലിടുക്ക് തുറന്നു നൽകുന്നതിന് പകരമായി ഇറാന്മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുന്നതിനുള്ള സമാധാന ഫോർമുല അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഹൂത്തികൾക്കും ഹിസ്ബുള്ളയ്ക്കുമെതിരെയുള്ള സൈനിക നടപടികൾ ഉൾപ്പെടെയുള്ളവ നിർത്തിവെക്കാമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. ഇറാന്റെ എല്ലാ വരുമാന മാർഗങ്ങളും പൂർണ്ണമായി സ്തംഭിപ്പിക്കുന്ന തരത്തിലുള്ള കടുത്ത സാമ്പത്തിക നടപടികളാണ് അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ സാധ്യതയുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

