ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫെയ്സ് (യുപിഐ) പണമിടപാടുകൾ പത്തുവർഷം പിന്നിടുമ്പോൾ വൻ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016 ഓഗസ്റ്റ് 25ന് തുടക്കം കുറിച്ച ഈ ഡിജിറ്റൽ സംവിധാനം രാജ്യത്തെ പണമിടപാട് ശീലങ്ങളെ സമൂലം മാറ്റിമറിച്ചു.
ഔദ്യോഗിക കണക്കുകൾ പ്രകാരം, യുപിഐ വഴിയുള്ള ഇടപാട് മൂല്യം 2016-17 സാമ്പത്തിക വർഷത്തിലെ 0.07 ലക്ഷം കോടി രൂപയിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ ഏകദേശം 314 ലക്ഷം കോടി രൂപയായി ഉയർന്നു. ഇടപാടുകളുടെ എണ്ണത്തിലും സമാനതകളില്ലാത്ത കുതിപ്പാണ് ഉണ്ടായിട്ടുള്ളത്.
വാർഷിക ഇടപാടുകളുടെ എണ്ണം 2016-17ലെ 1.78 കോടിയിൽ നിന്ന് 2025-26ൽ 24,162 കോടിയിലധികമായി വർധിച്ചു. ഇത് ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 13,000 ഇരട്ടിയിലധികം വർധനവാണ് കാണിക്കുന്നത്.
സമീപകാലത്ത് പുറത്തുവന്ന കണക്കുകൾ പ്രകാരം, കഴിഞ്ഞ മാസം ഇന്ത്യയിൽ പ്രതിദിനം ശരാശരി 76.3 കോടി പേയ്മെന്റുകൾ ഉൾപ്പെടെ, ആകെ 2,988 ലക്ഷം കോടി രൂപ മൂല്യമുള്ള 2,366 കോടി യുപിഐ ഇടപാടുകൾ നടന്ന് പുതിയ റെക്കോർഡും കുറിക്കുകയുണ്ടായി. അതിരുകൾ ഭേദിച്ച് ആഗോളതലത്തിൽ യുപിഐ
ഇന്ത്യയുടെ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിച്ച് ലോകമെമ്പാടും സാന്നിധ്യം അറിയിക്കുകയാണ് ഇപ്പോൾ യുപിഐ.
യുഎഇ, ഫ്രാൻസ്, ഭൂട്ടാൻ, ശ്രീലങ്ക, നേപ്പാൾ, സിംഗപ്പൂർ, മൊറീഷ്യസ്, ഖത്തർ, കംബോഡിയ, ഗ്രീസ്, മാലദ്വീപ് എന്നീ 11 രാജ്യങ്ങളിൽ നിലവിൽ യുപിഐ സേവനം ലഭ്യമാണ്. കറൻസി വിനിമയത്തിലും പുതിയ റെക്കോർഡ്
ഡിജിറ്റൽ പണമിടപാടുകൾ ഇത്രയധികം മുൻപന്തിയിൽ നിൽക്കുമ്പോഴും, രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയുടെ അളവ് റെക്കോർഡിലെത്തിയതായി ആർബിഐ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ മേയിൽ 43.02 ലക്ഷം കോടി രൂപയാണ് വിനിമയത്തിലുണ്ടായിരുന്നത്. ഇത് അഞ്ച് വർഷത്തെ ഉയർന്ന നിരക്കാണ്.
തൊട്ടുമുൻ വർഷത്തെ മേയിൽ കറൻസി വിനിമയം 38.35 ലക്ഷം കോടി രൂപയായിരുന്നു. ഡിജിറ്റൽ സംവിധാനങ്ങൾ സജീവമാണെങ്കിലും രാജ്യത്ത് പരമ്പരാഗത കറൻസി ഇടപാടുകൾക്കും വലിയ തോതിൽ ആവശ്യക്കാരുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
കൂടാതെ, യുപിഐ ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ കേന്ദ്രത്തിന് അനുവാദം നൽകുന്ന ബിൽ പാർലമെന്റ് പാസാക്കിയതിനെ തുടർന്ന്, കൂടുതൽ ആളുകൾ ഡിജിറ്റലിനൊപ്പം പണമിടപാടുകളും ശീലമാക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

