സംസ്ഥാനത്ത് ഇൻഫ്ലുവൻസ ബാധിച്ചുള്ള മരണനിരക്ക് വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ലഭ്യമായ കണക്കുകൾ പ്രകാരം ഈ മാസം ഇതുവരെ 2088 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
കൂടാതെ 27 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ മാസത്തിൽ മാത്രം 31 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
നടപ്പുവർഷം ഇതുവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 94 പേരാണ് ഇൻഫ്ലുവൻസ മൂലം മരണമടഞ്ഞത്. കഴിഞ്ഞ എട്ടു മാസത്തിനിടയിലുള്ള കാലയളവിൽ ആകെ 8033 പേർക്കാണ് രോഗം ബാധിച്ചത്.
ഈ സാഹചര്യങ്ങളെല്ലാം ഗൗരവമായി കണക്കിലെടുത്താണ് ഇപ്പോൾ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മഴക്കാലത്തും അതിനു ശേഷമുള്ള മാസങ്ങളിലുമാണ് (ജൂൺ മുതൽ സെപ്റ്റംബർ വരെ) ഇൻഫ്ലുവൻസ വ്യാപനം രൂക്ഷമാകാറുള്ളത് എന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
അതുപോലെ ശീതകാല മാസങ്ങളിലും (ഡിസംബർ മുതൽ ഫെബ്രുവരി വരെ) രോഗവ്യാപനത്തിൽ ചെറിയ തോതിലുള്ള വർധന ഉണ്ടാകാറുണ്ട്. രോഗികളുടെ എണ്ണം വർധിക്കുന്നതും ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യതയും മുൻകൂട്ടി കണ്ട് എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കേണ്ടതാണ്.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ കാലതാമസമില്ലാതെ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് മാറ്റാൻ ശ്രദ്ധിക്കണം.
കൂടാതെ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് ആന്റിവൈറൽ മരുന്നുകൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനോടൊപ്പം ഓക്സിജൻ സൗകര്യങ്ങളും വെന്റിലേറ്ററുകളും സജ്ജമാക്കി വെക്കാനും നിർദ്ദേശമുണ്ട്.
പ്രധാന രോഗലക്ഷണങ്ങൾ:
∙ ഉയർന്ന പനി
∙ കടുത്ത ക്ഷീണം
∙ തൊണ്ടവേദന
∙ ചുമ
∙ ശരീരവേദന
∙ ശ്വാസതടസ്സം
പ്രതിരോധ നടപടികൾ:
∙ ജനങ്ങൾ പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കുക.
∙ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക.
∙ പനിയോ മറ്റ് ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോ ഉള്ളവർ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തെ സമീപിച്ച് ചികിത്സ തേടുക.
∙ പ്രായമായവരും ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവരും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

