സ്വന്തം വീട്ടിലെ ലോക്കർ തകർത്ത് ലക്ഷക്കണക്കിന് രൂപയും സ്വർണാഭരണങ്ങളും കവർന്ന സംഭവത്തിൽ യുവാവ് അറസ്റ്റിലായി. അസമിലെ ജോർഹത്ത് സ്വദേശിയായ യഷ് ധനുക അഗർവാൾ (25) ആണ് പിതാവിന്റെ പരാതിയെ തുടർന്ന് പിടിയിലായത്.
മോഷണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിതാവ് തന്നെ തന്ത്രപരമായി നാട്ടിലെത്തിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുടുംബത്തിന്റെ ബിസിനസിൽ പങ്കാളിയായ പ്രതി, കാമുകിക്ക് ഐഫോൺ വാങ്ങി നൽകുന്നതിനും ഒപ്പമുള്ള ആഡംബര ജീവിതത്തിനുമായാണ് ഈ കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
വീട്ടിൽ പണവും സ്വർണവും സൂക്ഷിച്ചിട്ടുള്ള വിവരം യഷിന് നേരത്തെ അറിയാമായിരുന്നു. ഓഗസ്റ്റ് 11-ന് വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയാണ് പിതാവിന്റെ മുറിയിൽ അതിക്രമിച്ചു കയറി ലോക്കർ തകർത്ത് പണവും വിലപിടിപ്പുള്ള ആഭരണങ്ങളും കൈക്കലാക്കിയത്.
മോഷണ വിവരം പുറത്തുവന്നതിനെ തുടർന്ന് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ തന്നെ വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിരുന്നു. സംഭവത്തിന് തൊട്ടുപിാലെ യഷ് സ്ഥലംവിട്ടത് പൊലീസിന്റെ സംശയം ബലപ്പെടുത്തി.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇയാൾ ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ പിതാവ് അഹമ്മദാബാദിലെത്തി മകനെ അനുനയിപ്പിച്ച് നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പൊലീസിന് കൈമാറുകയായിരുന്നു.
സുഹൃത്തുക്കളായ ജിത്തു സോമാനി, രോഹിത് പ്രസാദ് എന്നിവരുടെ പ്രേരണയോടെയാണ് താൻ വീട്ടിൽ മോഷണം നടത്തിയതെന്നാണ് യഷ് പൊലീസിന് നൽകിയ മൊഴി. ലോക്കർ തകർക്കുന്നതിനായി ഒരു കൊല്ലന്റെ സഹായം തേടിയതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്.
കവർച്ച ചെയ്ത തുകയിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ കാമുകിയായ പുബാലിക്കായി ചെലവഴിച്ചു. ഒന്നരലക്ഷം രൂപ മുടക്കി ഐഫോൺ വാങ്ങി നൽകിയതിനൊപ്പം യുവതിക്ക് പണവും നൽകുകയും ഇരുവരും ചേർന്ന് ആഡംബര ഹോട്ടലുകളിൽ താമസിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രതി ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.
യഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സുഹൃത്തുക്കളായ ജിതേന്ദ്ര സോമാനി, രോഹിത് പ്രസാദ് എന്നിവരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. മോഷ്ടിച്ച സ്വർണം വിൽക്കാൻ ഇവർ സഹായിച്ചതായി പൊലീസ് പറയുന്നു.
അതേസമയം, കാമുകിയെ ഇതുവരെ കേസിൽ പ്രതിചേർത്തിട്ടില്ലെങ്കിലും വിശദമായ ചോദ്യംചെയ്യലിന് വിധേയമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ യഷ് അഗർവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

