ഇന്ത്യൻ വാഹന വിപണിയിൽ നവീനമായ പവർട്രെയിൻ ഓപ്ഷനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. പെട്രോൾ, ഡീസൽ, വൈദ്യുതി, ഹൈബ്രിഡ്, ഫാക്ടറി ഫിറ്റഡ് സിഎൻജി തുടങ്ങിയ വിവിധ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിപുലമായ തന്ത്രത്തിനാണ് കമ്പനി രൂപം നൽകിയിരിക്കുന്നത്.
2026 ജൂലൈയിൽ കിയ ഇന്ത്യക്കായി പ്രഖ്യാപിച്ച മൾട്ടി-പവർട്രെയിൻ പദ്ധതിയുടെ തുടർച്ചയായാണ് പുതിയ സി.എൻ.ജി മോഡലുകളുടെ കടന്നുവരവ്. കൂടാതെ, 2030ഓടെ സോറന്റോ, സെൽറ്റോസ്, കാർണിവൽ തുടങ്ങിയ ജനപ്രിയ മോഡലുകളുടെ സ്ട്രോങ് ഹൈബ്രിഡ് പതിപ്പുകൾ പുറത്തിറക്കാനും കമ്പനിക്ക് ലക്ഷ്യമുണ്ട്.
ഇന്ത്യൻ വിപണിക്കായി മാത്രമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുക്കുന്ന നൂതനമായ ചെറിയ ഇലക്ട്രിക് എസ്യുവിയും ഈ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി വിപണിയിലെത്തും. ഡീലർ തലത്തിൽ സി.എൻ.ജി ഘടിപ്പിക്കുന്ന രീതിക്ക് വിരാമമിട്ട്, കമ്പനി നേരിട്ട് ഫാക്ടറിയിൽ ഫിറ്റ് ചെയ്ത സി.എൻ.ജി കിറ്റുകളോടെ വാഹനങ്ങൾ പുറത്തിറക്കാനാണ് കിയ ഒരുങ്ങുന്നത്.
ഈ ശ്രേണിയിലെ ആദ്യ വാഹനം കാരൻസ് ക്ലാവിസ് ആയിരിക്കുമെന്നാണ് ഔദ്യോഗിക സൂചനകൾ വ്യക്തമാക്കുന്നത്. പ്രശസ്തമായ പുണെ-മുംബൈ എക്സ്പ്രസ് വേയിൽ ഫാക്ടറി ഫിറ്റഡ് സി.എൻ.ജി സംവിധാനമുള്ള കാരൻസ് ക്ലാവിസിന്റെ ടെസ്റ്റ് ഡ്രൈവ് വാഹനം ഇതിനോടകം തന്നെ റോഡിൽ പരീക്ഷണം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
2026 ലെ ദീപാവലി ഉത്സവകാലത്തിന് മുൻപായി വാഹനം നിരത്തുകളിൽ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള സാധാരണ കാരൻസ് മോഡലുകളിൽ ലോവാറ്റോയുടെ അംഗീകൃത ഡീലർ ഫിറ്റഡ് സി.എൻ.ജി കിറ്റുകളാണ് നൽകി വരുന്നത്.
എന്നാൽ പുതിയ കാരൻസ് ക്ലാവിസിൽ ഉപഭോക്താക്കൾക്ക് ഡയറക്ട് ഫാക്ടറി ഫിറ്റഡ് സി.എൻ.ജി സംവിധാനം ലഭ്യമാകുമെന്നത് വലിയൊരു സവിശേഷതയാണ്. എൻജിനും മൈലേജും സംബന്ധിച്ച വിവരങ്ങൾ നോക്കുകയാണെങ്കിൽ, പുതിയ വാഹനത്തിൽ 1.5 ലിറ്റർ നാച്ചറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനും സി.എൻ.ജി സംവിധാനവും സംയോജിപ്പിക്കാനാണ് സാധ്യത.
ഈ പെട്രോൾ എൻജിൻ 115 പി.എസ് കരുത്താണ് ഉത്പാദിപ്പിക്കുന്നത്. എങ്കിലും സി.എൻ.ജി പതിപ്പിന്റെ കൃത്യമായ പവറും ടോർക്കും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നിലവിലെ കാരൻസ് നിരയിൽ 115 എച്ച്.പി നൽകുന്ന 1.5 ലിറ്റർ പെട്രോൾ എൻജിന് പുറമെ 160 എച്ച്.പി ടർബോ പെട്രോൾ, 116 എച്ച്.പി ഡീസൽ എൻജിൻ ഓപ്ഷനുകളും ലഭ്യമാണ്. സാധാരണ പെട്രോൾ പതിപ്പ് ലിറ്ററിന് 15.34 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം.
പുതിയ സി.എൻ.ജി പതിപ്പിന് ഇതിനേക്കാൾ മികച്ച ഇന്ധനക്ഷമത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലയുടെ കാര്യത്തിൽ, സാധാരണ 1.5 ലിറ്റർ പെട്രോൾ വേരിയന്റിനെ അപേക്ഷിച്ച് കാരൻസ് ക്ലാവിസ് സി.എൻ.ജി പതിപ്പിന് ഏകദേശം ഒരു ലക്ഷം രൂപ വരെ അധികമായി നൽകേണ്ടി വന്നേക്കാം.
ഫാക്ടറിയിൽ തന്നെ സജ്ജീകരിച്ച സി.എൻ.ജി കിറ്റും കുറഞ്ഞ യാത്രാച്ചെലവും മുൻനിർത്തി കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ പുതിയ മോഡൽ അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ പ്രീമിയം ഫീച്ചറുകളിലും യാതൊരു വിട്ടവീഴ്ചയും വരുത്തിയിട്ടില്ല.
സെഗ്മെന്റിൽ ഏറ്റവും കൂടുതൽ ഫീച്ചറുകൾ നൽകുന്ന മോഡലുകളിലൊന്നായ കാരൻസ് ക്ലാവിസിൽ അത്യാധുനിക സൗകര്യങ്ങൾ തുടരും. 12.3 ഇഞ്ച് വലിപ്പമുള്ള രണ്ട് ഡിജിറ്റൽ സ്ക്രീനുകൾ, വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, വയർലെസ് സ്മാർട്ട്ഫോൺ ചാർജർ തുടങ്ങിയവ ഇതിലുണ്ട്.
ഒപ്പം എട്ട് സ്പീക്കറുകളുള്ള ബോസ് സൗണ്ട് സിസ്റ്റം, വിവിധ ഡ്രൈവ് മോഡുകൾ, പനോരമിക് സൺറൂഫ്, രണ്ടും മൂന്നും നിരകളിലെ പാസഞ്ചറുകൾക്കായുള്ള യു.എസ്.ബി പോർട്ടുകൾ, 360 ഡിഗ്രി ക്യാമറ, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ സുരക്ഷാ സവിശേഷതകളും വാഹനത്തിലുണ്ട്. ഫാക്ടറി ഫിറ്റഡ് സി.എൻ.ജി സാങ്കേതികവിദ്യയോടെയെത്തുന്ന കാരൻസ് ക്ലാവിസ് ഇന്ത്യൻ വിപണിയിൽ കിയയുടെ പുതിയൊരു നാഴികക്കല്ലായി മാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

