അണ്ണാമലൈ സർവകലാശാലയുടെ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കോഴ്സിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നിവേദനം സമർപ്പിച്ച കാസർകോട്ടെ അധ്യാപകൻ സി.കെ.മദനൻ സന്തോഷത്തിൽ. ഓഗസ്റ്റ് 2നാണ് അദ്ദേഹം പരാതി നൽകിയത്.
തുടർന്ന് ഓഗസ്റ്റ് 13ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് റജിസ്റ്റേർഡ് കത്തായി മറുപടി ലഭിക്കുകയായിരുന്നു. ഡിസ്റ്റൻസ് എജ്യുക്കേഷൻ പ്രോഗ്രാമുകൾ തടഞ്ഞ യുജിസി നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതി അണ്ണാമല സർവകലാശാലയ്ക്ക് സ്റ്റേ അനുവദിച്ചിട്ടുണ്ടെന്നായിരുന്നു ഔദ്യോഗിക മറുപടി.
അനുമതി നേടാതെ സംസ്ഥാനത്തിനകത്തും പുറത്തും പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ച് ബിരുദങ്ങൾ നൽകിയെന്നാണ് യുജിസിയുടെ പ്രധാന വാദം. വിദൂര പഠനം വഴി നേടിയ ബിരുദങ്ങൾക്ക് അംഗീകാരം നൽകാൻ അധികാരികൾ തയാറാകാതിരുന്നതിനെ തുടർന്ന് സർവകലാശാല മദ്രാസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.
വിദ്യാർഥികളുടെ ഭാവി മുൻനിർത്തി ഇതുവരെ നൽകിയ ബിരുദങ്ങൾക്ക് അംഗീകാരം നൽകണമെന്ന് കോടതി ഉത്തരവിടുകയുണ്ടായി. എന്നാൽ കേരളത്തിൽ ഉൾപ്പെടെയുള്ള സർവകലാശാലകൾ തുല്യതാ സർട്ടിഫിക്കറ്റ് നൽകാൻ തയാറായില്ല.
ഇത് വിദ്യാർഥികളുടെ ഉന്നത പഠനത്തെയും സർവീസിലുള്ളവരുടെ പ്രമോഷനെയും ഗുരുതരമായി ബാധിച്ചു. ഈ പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 2ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ പരാതി സെല്ലിൽ വിഷയത്തിൽ നിവേദനം സമർപ്പിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസ് വഴി ഈ പരാതി ഓഗസ്റ്റ് 10ന് അണ്ണാമലൈ സർവകലാശാലാ വിദൂര വിഭാഗം ഡയറക്ടർക്ക് കൈമാറുകയും ചെയ്തു. തുടർന്ന് വിഷയം പരിശോധിച്ച സർവകലാശാല, മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2015-16 മുതൽ ഓപ്പൺ, വിദൂര വിദ്യാഭ്യാസം വഴി നൽകുന്ന എല്ലാ ബിരുദ-ബിരുദാനന്തര ബിരുദങ്ങൾക്കും ഔദ്യോഗിക അംഗീകാരമുണ്ടെന്ന് കാണിച്ച് ഓഗസ്റ്റ് 13ന് റജിസ്റ്റേർഡ് പോസ്റ്റ് വഴി പരാതിക്കാരന് മറുപടി അയക്കുകയായിരുന്നു.
രണ്ടാഴ്ചയ്ക്കുള്ളിലാണ് കേരളത്തിൽ നിന്നുള്ള പരാതിയിൽ തമിഴ്നാട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ നടപടി സ്വീകരിച്ചത്. സർവകലാശാല വ്യക്തത വരുത്തിയ സാഹചര്യത്തിൽ, ഹൈക്കോടതി വിധിയുടെ പകർപ്പുമായി തുല്യതാ സർട്ടിഫിക്കറ്റിനായി കേരളത്തിലെ സർവകലാശാലകളെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാർഥികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

