യാത്രാസൗജന്യം വഴി മിച്ചം പിടിക്കുന്ന തുക കെഎസ്എഫ്ഇയുടെ പിങ്ക് ചിട്ടികളില്‍ നിക്ഷേപിക്കാന്‍ സ്ത്രീകൾ തയാറാകണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കുകയുണ്ടായി. മിച്ചം പിടിക്കുന്ന തുകയിൽ കെഎസ്എഫ്ഇ ചിട്ടികളിൽ ചേർന്നവരും ചേരാത്തവരുമുണ്ട്.
നൂറുദിവസം പൂർത്തിയാക്കുന്ന യുഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയാണ് പ്രിയദർശിനി സൗജന്യ ബസ് യാത്ര. അധികാരത്തിലേറിയതിനു പിന്നാലെ നടപ്പാക്കിയ വലിയ വാഗ്ദാനം സ്ത്രീകളുടെ ജീവിതത്തിൽ എങ്ങനെയാണ് പ്രതിഫലിച്ചത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഏറ്റവും കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്ന, ഗതാഗത മന്ത്രിയുടെ ജില്ല കൂടിയായ തിരുവനന്തപുരത്തെ വനിതകളുടെ അനുഭവങ്ങൾ.
‘ഇപ്പോൾ വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ ആകെ ഒരു കണക്കുകൂട്ടലേ ഉള്ളൂ, എത്ര പണം ലാഭിച്ചു’ എന്ന് ലോട്ടറി വിൽപനക്കാരിയായ ശാരദാമണി പറഞ്ഞു തുടങ്ങുന്നു. കിലോമീറ്റർ ദൂരം നടന്ന് ലോട്ടറി വിറ്റാലും ദിവസവും കുറഞ്ഞത് 60 രൂപയെങ്കിലും ബസ് ചാർജിനായി മാറ്റിവയ്ക്കേണ്ടി വന്നിരുന്നു.
ആ സാഹചര്യത്തിലാണ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതി യാഥാർത്ഥ്യമാകുന്നത്. ആദ്യമൊക്കെ തനിക്ക് പദ്ധതിയിൽ വലിയ വിശ്വാസമില്ലായിരുന്നുവെന്ന് അവർ വ്യക്തമാക്കുന്നു.
എന്നാൽ കഴിഞ്ഞ ജൂണിൽ ഒരു ദിവസം പേട്ടയിൽ നിന്ന് കിഴക്കേക്കോട്ടയിലേക്കുള്ള ഓർഡിനറി ബസിൽ കയറിയപ്പോൾ പൂജ്യം രൂപയുടെ ടിക്കറ്റ് കയ്യിൽ തന്നപ്പോഴാണ് കാര്യം വ്യക്തമായത്. ഇപ്പോൾ യാത്രാച്ചെലവ് പൂർണമായും മിച്ചമാണെന്നും ആ തുക കൊണ്ട് വൈകിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ മക്കൾക്ക് എന്തെങ്കിലും പലഹാരമോ കറിയോ വാങ്ങാമെന്നും ശാരദാമണി കൂട്ടിച്ചേർത്തു.
കോളജ് ഫീസിനേക്കാൾ തന്നെ ഏറെ വിഷമിപ്പിച്ചിരുന്നത് ദിവസേനയുള്ള യാത്രാച്ചെലവായിരുന്നുവെന്ന് നെടുമങ്ങാട്ടു നിന്ന് തിരുവനന്തപുരം നഗരത്തിലെ കോളജിൽ പഠനത്തിനായി എത്തുന്ന അഞ്ജലി പുഞ്ചിരിയോടെ പങ്കുവെച്ചു. നെടുമങ്ങാട്ടു നിന്നും കോളജിലേക്ക് വരാൻ ദിവസവും നല്ലൊരു തുക ആവശ്യമായിരുന്നു.
അച്ഛന്റെ കൂലിപ്പണി കൊണ്ട് മാത്രം മുന്നോട്ടുപോകുന്ന കുടുംബത്തിൽ, ബസ് കാശ് ചോദിക്കാൻ വലിയ മടിയായിരുന്നുവെന്നും പലപ്പോഴും ക്ലാസിൽ പോകാതിരിക്കാൻ പോലും ആലോചിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. പ്രിയദർശിനി പദ്ധതി വന്നതോടെ ആ വലിയ ഭാരമാണ് ഒഴിവായത്.
കെഎസ്ആർടിസി ഓർഡിനറി ബസുകൾക്ക് മുന്നിലെ ‘പ്രിയദർശിനി സൗജന്യ യാത്ര’ എന്ന ബോർഡ് കാണുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ടെന്നും ഇപ്പോൾ ആ ബസുകളിൽ പെൺകുട്ടികളുടെ വലിയൊരു കൂട്ടം തന്നെയുണ്ടെന്നും അഞ്ജലി വ്യക്തമാക്കി. പഠിച്ച് ഒരു ജോലി നേടണമെന്ന തന്റെ സ്വപ്നത്തിന് ഈ പദ്ധതി നൽകുന്നത് വലിയൊരു കരുത്താണെന്നും അവർ പറഞ്ഞു.
താൻ നഗരത്തിലെ മൂന്ന് വീടുകളിൽ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കിയ സുലേഖ, രാവിലെ ഒരു സ്ഥലത്തും ഉച്ചയ്ക്ക് മറ്റൊരിടത്തുമായി ദിവസവും മൂന്നോ നാലോ തവണ ബസ് കയറേണ്ടി വരുന്നയാളാണ്. വരുമാനത്തിന്റെ നല്ലൊരുഭാഗവും മുൻപ് ബസ് ചാർജായി മാത്രമാണ് പോയിരുന്നത്.
എന്നാൽ പ്രിയദർശിനി പദ്ധതി വന്നതോടെ അൽപം കാത്തുനിന്നാണെങ്കിലും പണം ലാഭിക്കാൻ സാധിക്കുന്നുണ്ടെന്ന് അവർ പറയുന്നു. സ്ത്രീകൾ കൂട്ടത്തോടെ ബസുകളിൽ യാത്ര ചെയ്യാൻ തുടങ്ങിയതോടെ ബസുകൾക്കുള്ളിലെ അന്തരീക്ഷം തന്നെ ആകെ മാറിയിട്ടുണ്ട്.
മുൻപൊക്കെ രാത്രി അൽപം കഴിഞ്ഞാൽ ബസ് യാത്രകളിൽ ഒരു ഭയമുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഒപ്പമുള്ളത് ഭൂരിഭാഗവും സ്ത്രീകളായതുകൊണ്ട് വലിയ സുരക്ഷിതത്വം തോന്നാറുണ്ടെന്നും അധ്വാനിക്കുന്ന സ്ത്രീകളെ സർക്കാർ പരിഗണിക്കുന്നു എന്നതിൽ വലിയ സന്തോഷമുണ്ടെന്നും സുലേഖ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

