തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ജനങ്ങൾ.
ഇതിനിടയിൽ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ സംസ്ഥാനത്തെ മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയടിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിന് ജില്ലാ ഭരണകൂടങ്ങൾ പൂർണ്ണ സജ്ജരായിരിക്കണമെന്ന് മന്ത്രി എ.പി.അനിൽകുമാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണക്കാലത്തെ തുടർച്ചയായ അവധിദിനങ്ങൾ കൂടി കണക്കിലെടുത്ത് താലൂക്ക്തല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട
കലക്ടർമാർ ഉറപ്പുവരുത്തേണ്ടതാണ്. ആവശ്യമുള്ള ഘട്ടങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ ഉടൻ തന്നെ തുറന്ന് പ്രവർത്തിക്കണം.
ജില്ലാ ഭരണകൂടവും പൊലീസ് സംവിധാനവും റോഡ് സുരക്ഷാ വിഭാഗങ്ങളും അതീവ ജാഗ്രത പുലർത്തേണ്ടതാണ്. കാലാവസ്ഥയുടെ സാഹചര്യം വിലയിരുത്തി മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രയ്ക്ക് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.
വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്കും കൃത്യമായ സുരക്ഷാ മുന്നറിയിപ്പുകൾ നൽകേണ്ടതാണ്. അതേസമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെ മീൻപിടിക്കാൻ പോകാൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ തീരദേശവാസികളും മീൻപിടിത്ത തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

