ചേർത്തലയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരണപ്പെടാൻ ഇടയായ സംഭവത്തിൽ, വാഹനം നിർത്താതെ രക്ഷപ്പെട്ട കാർ പൊലീസ് കണ്ടെടുത്തു.
ചേർത്തല വാരണം സ്വദേശി വിനയചന്ദ്രന്റെ വസതിയിൽ നിന്നാണ് ചേർത്തല എസ്ഐ വി.ബിജുവിൻ്റെ നേതൃത്വത്തിലുള്ള സംഘം വാഹനം കസ്റ്റഡിയിലെടുത്തത്. കാർ ഓടിച്ചിരുന്ന വ്യക്തിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ചേർത്തല തണ്ണീർമുക്കം പഞ്ചായത്തിൽ പണ്ടാരപ്പാട്ടത്തിൽ പ്രകാശന്റെയും മിനിയുടെയും മകനായ ശിവപ്രകാശ് (29) ആണ് ഞായറാഴ്ച ഉച്ചയ്ക്ക് ചേർത്തല ചെങ്ങണ്ട–വാരനാട് റോഡിൽ ഉണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞത്. ശിവപ്രകാശിനൊപ്പം വാഹനത്തിലുണ്ടായിരുന്ന സുഹൃത്ത് തണ്ണീർമുക്കം ഇലഞ്ഞാംകുളങ്ങര സ്വദേശി വിഷ്ണു മുരളി (27) പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തെത്തുടർന്ന് ഏകദേശം പതിനഞ്ച് മിനിറ്റോളമാണ് ഇരുവരും റോഡിൽ കിടന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി വാരനാട് മുതൽ പള്ളിപ്പുറം വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു.
കാറിൽ ഉണ്ടായിരുന്നവരും അപകടത്തിൽ മരിച്ച ശിവപ്രകാശും ഒരേ വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങിയവരാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

