ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രവചനാതീതമായ പെരുമാറ്റത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം, കഴിഞ്ഞ ജൂണിൽ ഫ്രാൻസിൽ വച്ച് നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്തമായി മാധ്യമങ്ങളെ കാണുന്നത് വേണ്ടെന്നുവയ്ക്കാൻ ഇന്ത്യ ജാഗ്രതാപൂർവം തീരുമാനിച്ചിരുന്നതായി റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന വിദേശ പ്രതിനിധികൾ പലപ്പോഴും അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ പെരുമാറ്റത്തിൽ അതീവ ജാഗ്രത പുലർത്താറുണ്ടെന്നും മുൻപ് ദക്ഷിണാഫ്രിക്ക, യുക്രെയ്ൻ പ്രസിഡന്റുമാരുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചകളിൽ ഇത് പ്രകടമാണെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ മുൻകരുതൽ സമീപനം സ്വീകരിച്ചത്.
ജൂൺ 17ന് ഫ്രാൻസിലെ എവിയാൻ ലെ ബെയിൻസിൽ നടന്ന ജി 7 ഉച്ചകോടിയുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും നിർണായകമായ ഉഭയകക്ഷി ചർച്ചകൾ നടത്തിയത്. മുൻവർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ നയതന്ത്ര അസ്വാരസ്യങ്ങൾ പരിഹരിച്ച് ബന്ധം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായിരുന്നു ഈ കൂടിക്കാഴ്ച.
കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി മാധ്യമങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ പ്രതിനിധികൾ ഔദ്യോഗികമായി തങ്ങളെ അറിയിച്ചിരുന്നുവെന്ന് ഇന്ത്യ സന്ദർശിക്കുന്ന യുഎസ് അംബാസഡർ സെർജിയോ ഗോർ വെളിപ്പെടുത്തിയിരുന്നു. പൂർണമായ വാർത്താസമ്മേളനത്തിനു പകരം മാധ്യമങ്ങൾക്ക് പ്രവേശനം നൽകി ചിത്രങ്ങൾ പകർത്താൻ മാത്രമേ ഇന്ത്യ താൽപര്യപ്പെട്ടിരുന്നുള്ളൂവെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
‘‘കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുൻപ് ട്രംപ് എന്നോട് ഇന്ത്യക്കാർ എന്തൊക്കെ വിഷയങ്ങളായിരിക്കും ഉന്നയിക്കുക എന്ന് ചോദിച്ചിരുന്നു. ഞങ്ങൾ ചില വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
തുടർന്ന് ഇന്ത്യയ്ക്ക് പ്രത്യേകമായി എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാം, എന്നാൽ പൂർണമായ ഒരു പത്രസമ്മേളനം ഒഴിവാക്കാം എന്ന ഒരൊറ്റ ആവശ്യമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നോട്ടുവച്ചതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
ചോദ്യങ്ങൾ ഒഴിവാക്കാനാണ് ഇന്ത്യക്കാർക്ക് താൽപര്യമെന്ന് ഞാൻ വ്യക്തമാക്കിയപ്പോൾ തീർച്ചയായും, അതിൽ യാതൊരു പ്രശ്നവുമില്ല എന്നായിരുന്നു ട്രംപിന്റെ പ്രതികരണം’’ – സെർജിയോ ഗോർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

