പൂരാടം ദിവസത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും വിവിധയിടങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടുകയും ചെയ്തതോടെ, ആഘോഷങ്ങൾ മഴമൂലം തടസ്സപ്പെടുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ഉത്രാടം ദിനത്തിൽ 10 ജില്ലകളിലും തിരുവോണം നാളിൽ നാല് ജില്ലകളിലും യെലോ അലർട്ട് നിലവിലുണ്ട്.
എന്നാൽ തിരുവോണ നാളിൽ വർഷപാതം ഉണ്ടാകുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേരള കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ നീത കെ.ഗോപാൽ വ്യക്തമാക്കി.
“ഓണക്കാലത്ത് ഇത്തവണ മഴയുണ്ടാകുമെന്നു നമ്മൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവോണം (ഓഗസ്റ്റ് 26) ഉൾപ്പെടെയുള്ള ദിവസങ്ങളിൽ മഴയുണ്ടാകും.
എങ്കിലും തിരുവോണം മഴയിൽ കുതിരുമെന്നു പറയാനാവില്ല. എന്നാൽ ഇന്നത്തെയും നാളത്തെയും അപേക്ഷിച്ച് തിരുവോണ ദിവസം മഴ കുറവായിരിക്കും.
ഇന്നാണ് ഏറ്റവും ശക്തിയിൽ മഴ പെയ്യുക. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ പല ജില്ലകളിലും യെലോ അലർട്ടുണ്ട്. മറ്റന്നാളോടെ ശക്തി കുറയും.
ഓഗസ്റ്റ് 28 വരെയാണ് അലർട്ട് കൊടുത്തിട്ടുള്ളത്.”
മൺസൂൺ ശക്തി പ്രാപിച്ചതിന് കാരണം
ബംഗാൾ ഉൾക്കടൽ, ജാർഖണ്ഡ്, ഒഡീഷ എന്നീ പ്രദേശങ്ങൾക്ക് മുകളിലായി രൂപപ്പെട്ട ന്യൂനമർദമാണ് ഇപ്പോഴത്തെ കാലാവസ്ഥാ മാറ്റത്തിന് കാരണം.
ഇതിന്റെ ഫലമായി തെക്കുപടിഞ്ഞാറൻ കാറ്റ് കേരളതീരത്ത് ശക്തമായിട്ടുണ്ട്. ഈ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 24 മുതൽ 28 വരെ വിവിധങ്ങളിൽ മിതമായ മഴ തുടരുമെന്നാണ് പ്രവചനം.
വരാനിരിക്കുന്നത് മഴക്കുറവ്
വരുന്ന ഓഗസ്റ്റ് 28-ന് ശേഷം അന്തരീക്ഷ സ്ഥിതിയിൽ പ്രകടമായ മാറ്റം വന്നു മഴ ഗണ്യമായി കുറയാനാണ് സാധ്യത. തുടർന്ന് വരുന്ന ദിവസങ്ങളിൽ കേരളത്തിൽ മഴ പൂർണ്ണമായും വിട്ടുനിൽക്കുന്ന അവസ്ഥയുണ്ടാകും.
ഈ വർഷം കാലവർഷത്തിൽ മൊത്തത്തിൽ ശരാശരിയേക്കാൾ കുറഞ്ഞ മഴയായിരിക്കും ലഭിക്കുകയെന്നാണ് വിലയിരുത്തൽ. ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 24 രാവിലെ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ, ലഭിക്കേണ്ട
മഴയുടെ 77% മാത്രമാണ് ഇതുവരെ സംസ്ഥാനത്ത് ലഭിച്ചിട്ടുള്ളത്. ഇതിൽ ഏകദേശം 23 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവിലുള്ള രണ്ട് ദിവസങ്ങളിലെ മഴ കൂടി കണക്കിലെടുക്കുമ്പോൾ ചെറിയൊരു വ്യത്യാസം വന്നേക്കാമെങ്കിലും, മഴ പൂർണ്ണമായി പിൻവാങ്ങുന്നതോടെ ഈ കുറവ് തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

