കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് കോടതി ജാമ്യം അനുവദിച്ചു. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് ജാമ്യം നൽകിയത്.
എന്നാൽ, കാപ്പ (KAAPA) ചുമത്തി കരുതൽ തടങ്കലിൽ അടച്ചിട്ടുള്ളതിനാൽ ഇയാൾക്ക് ജയിലിൽനിന്ന് മോചിതനാകാൻ സാധിക്കില്ല. കോതമംഗലം സ്റ്റേഷൻ ഹൗസ് ഓഫിസറെ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസിലാണ് നിലവിൽ ജാമ്യം ലഭിച്ചിരിക്കുന്നത്.
മുമ്പ് കോതമംഗലത്തെ റിസോർട്ടിൽവച്ച് ക്രമസമാധാന ലംഘനത്തിന്റെ പേരിൽ എറണാകുളം റൂറൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാൾ പിന്നീട് ജാമ്യത്തിൽ ഇറങ്ങിയിരുന്നു. തുടർന്ന് പൊലീസ് നടപടി വ്യാജമാണെന്ന് ആരോപിച്ച് എസ്എച്ച്ഒയ്ക്ക് എതിരെ സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കുകയായിരുന്നു.
ഈ സംഭവത്തിലാണ് പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ഊന്നുകൽ പൊലീസ് ആയിരുന്നു ഈ കേസിന്റെ അന്വേഷണച്ചുമതല നിർവഹിച്ചിരുന്നത്.
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന്, കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട് ഊന്നുകൽ സിഐക്കെതിരെയും അർജുൻ ആയങ്കി രംഗത്തുവന്നിരുന്നു. ഇതേതുടർന്നും ഇയാൾക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യപ്പെട്ടു.
തുടർന്ന് ഒളിവിൽ പോയ പ്രതിയെ സംസ്ഥാന വ്യാപകമായി നടത്തിയ തിരച്ചിലിനൊടുവിൽ കണ്ണൂരിലെ ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. സ്ഥിരം കുറ്റവാളിയായ ഇയാൾ പുറത്തിറങ്ങിയാൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും ക്രമസമാധാനം തകരാനും ഇടയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായ വാദം ഉന്നയിച്ചിരുന്നു.
നിലവിൽ തലശേരി സ്പെഷൽ സബ് ജയിലിലാണ് അർജുൻ ആയങ്കിയുള്ളത്. ഒരു കേസിൽ ജാമ്യം ലഭിച്ചെങ്കിലും കാപ്പ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ ഒരു വർഷം വരെ തുടരാൻ പൊലീസിന് അധികാരം ഉണ്ട്.
സ്വർണ്ണക്കടത്ത്, വധശ്രമം, മോഷണം, സൈബർ ആക്രമണങ്ങൾ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ പ്രകാരം കണ്ണൂർ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് കാപ്പ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ഇതോടൊപ്പം വിവിധ സ്റ്റേഷനുകളിലെ മറ്റ് കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

