വടകരയിൽ ദേശീയപാതയോട് ചേർന്ന് സോയിൽ നെയ്ലിങ് തകർന്ന ഭാഗത്ത് ചരക്കു ലോറികൾ പാർക്ക് ചെയ്യുന്നത് പതിവാകുന്നു. അൻപത് അടി ഉയരമുള്ള കുന്ന് ഇവിടെ വിണ്ടുകീറി കിടക്കുന്നതിനാൽ ഏതുസമയവും ഇടിയുമെന്ന ഗുരുതരമായ ആശങ്കയാണ് നിലനിൽക്കുന്നത്.
ഈ സാഹചര്യത്തിൽ ഇവിടെ കോൺക്രീറ്റ് ബാരിക്കേഡ് സ്ഥാപിച്ച് വാഹന ഗതാഗതത്തിന് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയപാത വഴി എത്തുന്ന ടാങ്കർ ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളാണ് ഈ അപകടമേഖലയിൽ നിർത്തിയിടുന്നത്.
ഈ പ്രദേശത്തെ അപകടാവസ്ഥയെക്കുറിച്ച് അറിയാതെ ദൂരെ സ്ഥലങ്ങളിൽ നിന്നും എത്തുന്ന ലോറി ഡ്രൈവർമാരാണ് ഇവിടെ വാഹനം പാർക്ക് ചെയ്യുന്നത്. പകൽ സമയങ്ങളിൽ സർവീസിന് നിയന്ത്രണമുള്ള വലിയ ചരക്കു വാഹനങ്ങൾ മൂരാട് പുതിയ പാതയിൽ ഇരുഭാഗത്തുമായി നിർത്തിയിട്ട് ഡ്രൈവർമാർ വിശ്രമിക്കുന്നത് ഇവിടെ പതിവ് കാഴ്ചയാണ്.
മൂരാട്–പാലോളിപ്പാലം പാത നേരത്തെ പൂർത്തിയാവുകയും ഗതാഗതത്തിനു തുറന്നു കൊടുക്കുകയും ചെയ്തതിനു ശേഷമാണ്, ഉയർന്ന ഭാഗം ഇടിയാതിരിക്കാൻ മുൻപ് ഏർപ്പെടുത്തിയ സോയിൽ നെയ്ലിങ് രണ്ട് വർഷം മുൻപ് തകർന്നു വീണത്. കോഴിക്കോട്ടേക്കുള്ള മൂന്ന് ട്രാക്കുകളിൽ ഈ ഭാഗത്ത് നിലവിൽ ഒരു ട്രാക്കിലൂടെ മാത്രമാണു വാഹനങ്ങൾ കടന്നുപോകുന്നത്.
അപകട മുന്നറിയിപ്പിനായി ഇവിടെ സോളറിൽ പ്രവർത്തിക്കുന്ന മഞ്ഞ ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്.
സോയിൽ നെയ്ലിങ് ഇടിഞ്ഞ ഭാഗത്തിന് മുകളിൽ താമസിക്കുന്ന കുടുംബങ്ങളും കടുത്ത അപകട ഭീതിയിലാണ് കഴിയുന്നത്.
ഇവിടെ ശക്തമായ സംരക്ഷണ ഭിത്തി നിർമിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും, നിർമ്മാണം വളരെ ചെറിയൊരു ഭാഗത്ത് മാത്രമാണു നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

