അമേരിക്കൻ വിപണിയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടെ സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ മുന്നേറ്റം. വിപണിയിൽ തുടർച്ചയായ ദിവസങ്ങളിൽ വില ഉയരുന്ന പ്രവണതയാണ് കാണാനാകുന്നത്.
ഇന്ന് ഗ്രാമിന് 80 രൂപ വർധിച്ച് 15,030 രൂപയിലും, പവന് 640 രൂപ ഉയർന്ന് 1,20,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പവന് 6600 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്.
യുഎസ് കടപത്രങ്ങളിൽ നിന്നുള്ള നേട്ടത്തിലുണ്ടായ ഏറ്റക്കുറച്ചിലുകളാണ് സ്വർണവിലയിലെ പുതിയ കുതിപ്പിന് ആധാരം. അമേരിക്കൻ സാമ്പത്തിക മേഖല പ്രതിസന്ധിയിലാണെന്ന സൂചനയാണ് ഇത് നിക്ഷേപകർക്ക് നൽകുന്നത്.
ഈ വിപണി പ്രവണത തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത. ഇത് വരാനിരിക്കുന്ന ഓണവിപണിയെയും കാര്യമായി ബാധിച്ചേക്കും.
അതേസമയം, ക്രൂഡോയിൽ വിലയിടിവിനെത്തുടർന്ന് അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കിലും ഇടിവ് രേഖപ്പെടുത്തി. ഇറാനെതിരെ യുഎസിന്റെ സാമ്പത്തിക യുദ്ധ പ്രഖ്യാപനത്തിനു മുൻപ് നിക്ഷേപകർ ലാഭമെടുപ്പ് വർധിപ്പിച്ചതാണ് ക്രൂഡോയിൽ വില താഴാൻ കാരണം.
പിന്നാലെ ഡോളർ സൂചികയും ഇടിഞ്ഞു. ഇത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കുകയും ആഗോളതലത്തിൽ ഡിമാൻഡ് വർദ്ധിപ്പിക്കുകയും ചെയ്തു.
ബയ് ബാക്ക് വർധിപ്പിക്കുമെന്ന് യുഎസ് ട്രഷറി വകുപ്പ് പ്രഖ്യാപിച്ചത് യുഎസ് കടപത്രങ്ങളുടെ യീൽഡ് കുറയാനും കാരണമായി. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണത്തിലേക്ക് തിരിയുന്ന കാഴ്ചയാണ് ഉള്ളത്.
വരും ദിവസങ്ങളിൽ സ്വർണവിലയുടെ ഗതി നിർണയിക്കുന്നതിൽ യുഎസ്-ഇറാൻ സംഘർഷങ്ങൾ നിർണായകമാകും. ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കിയത്.
ഈ പ്രഖ്യാപനങ്ങളുടെ ആഘാതം എന്തായിരിക്കുമെന്ന ആകാംഷയിലാണ് നിക്ഷേപകർ. കൂടാതെ, വരും ദിവസങ്ങളിൽ പുറത്തുവരുന്ന ജൂലൈയിലെ യുഎസ് പണപ്പെരുപ്പ കണക്കുകളും, ജാക്സൺ ഹോൾ സിംപോസിയത്തിൽ ഫെഡ് ചെയർമാൻ കെവിൻ വാർഷ് നടത്തുന്ന പ്രഭാഷണവും വിപണിയിൽ വഴിതിരിവായേക്കാം.
പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ പണപ്പെരുപ്പ കണക്കുകളും അടിസ്ഥാന പലിശ തീരുമാനത്തിൽ ജാഗ്രത പാലിക്കുമെന്ന നിലപാടും ഡോളർ സൂചികയെ വീണ്ടും താഴെയിറക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ സ്വർണവില വീണ്ടും കുതിച്ചുയരും.
എന്നാൽ അടിസ്ഥാന പലിശ വർധിപ്പിക്കുമെന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായാൽ അത് സ്വർണ, വെള്ളി വിലകളിൽ സമ്മർദ്ദത്തിന് കാരണമാകും. രാജ്യാന്തര വിപണിയിൽ നിലവിൽ സ്വർണവില മൂന്നു മാസത്തെ ഉയർന്ന നിരക്കിലാണ് നിൽക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിലയിൽ 5 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഔൺസിന് 4603 ഡോളർ എന്ന നിലയിലായിരുന്നു ക്ലോസിങ് എങ്കിൽ, ഇന്ന് അത് 4655 ഡോളർ വരെ ഉയർന്നു.
നിലവിൽ 4639 ഡോളർ എന്ന നിരപ്പിലാണ് വ്യാപാരം നടക്കുന്നത്. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ വില 4850 ഡോളറിലേക്കും പിന്നീട് 5000 ഡോളറിലേക്കും ഉയരാൻ സാധ്യതയുണ്ടെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു.
ഈ നിലവാരങ്ങൾ ഭേദിക്കുകയാണെങ്കിൽ പുതിയ റെക്കോർഡുകൾ കുറിക്കപ്പെടാം. അങ്ങനെയെങ്കിൽ കേരളത്തിൽ ഇക്കഴിഞ്ഞ ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയെന്ന സർവകാല റെക്കോർഡ് മറികടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ഓണക്കാലത്തെ വിലക്കയറ്റം കേരളത്തിൽ ഏകദേശം 10,000 കോടി രൂപയുടെ വിറ്റുവരവ് നടക്കുന്ന ഓണക്കാലത്ത് സ്വർണവിലയിലുള്ള ഈ കുതിപ്പ് ആഭരണ പ്രേമികൾക്ക് കനത്ത തിരിച്ചടിയാണ്. ഈ മാസത്തിന്റെ തുടക്കത്തിൽ 1,05,600 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 14,600 രൂപയാണ് വർധിച്ചിരിക്കുന്നത്. വില ഇനിയും ഉയരുമോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
നിലവിലെ വിപണി വില അനുസരിച്ച് ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും നികുതികളും ചേർത്ത് കുറഞ്ഞത് 1.36 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. അതേസമയം, കുറഞ്ഞ ഭാരത്തിലുള്ള ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 65 രൂപ വർധിച്ച് 12,350 രൂപയിലെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

