വാഹനങ്ങളിലെ അനധികൃത രൂപമാറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി ഉത്തരവ്. മോട്ടർ വാഹന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കൊപ്പം പൊലീസും ഇതിനായി രംഗത്തിറങ്ങണമെന്നാണ് നിർദ്ദേശം.
ഒരു വാഹനത്തിൽ നടത്തുന്ന അനധികൃത രൂപമാറ്റത്തിന് ഓരോന്നിനും 5,000 രൂപ വീതം പിഴ ഈടാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അടൂരിൽ രക്ഷാപ്രവർത്തനത്തിനു പോയ ജീപ്പിൽ 6 മോഡിഫിക്കേഷൻ ഉണ്ടായിട്ടും ആകെ 5,000 രൂപ മാത്രം പിഴ ചുമത്തിയ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്.മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട
ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. ഈ വിഷയത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ സമയം തേടിയിട്ടുണ്ട്.
കേസ് വരുന്ന സെപ്റ്റംബർ 7ന് കോടതി വീണ്ടും പരിഗണിക്കും. വിവിധ നിറത്തിലുള്ള എൽഇഡി ഉൾപ്പെടെയുള്ള തീവ്രപ്രകാശമുള്ള ലൈറ്റുകൾ, റെഡ്–ബ്ലൂ സ്ട്രോബ് ലൈറ്റുകൾ, അനധികൃത സൈറണുകൾ, വീൽ സ്പേസറുകൾ തുടങ്ങിയ നിയമലംഘനങ്ങൾക്ക് എതിരെയാണ് മുഖ്യമായും നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
എതിർദിശയിൽനിന്നു തീവ്രപ്രകാശം വാഹനത്തിലേക്ക് അടിച്ചാൽ ഡ്രൈവർമാരുടെ കാഴ്ചതെറ്റി അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ, വാഹനത്തിന്റെ ബോഡിക്കു പുറത്തേക്കു ചക്രം തള്ളിനിൽക്കുന്ന തരത്തിൽ വീൽ സ്പേസറുകളും വീതിയേറിയ ടയറുകളും ഉപയോഗിക്കുന്നത് വഴിയാത്രക്കാരുടെ മേൽ ചെളിയും വെള്ളവും തെറിക്കാൻ കാരണമാകും.
ഇത് കാൽനടക്കാർക്കും സൈക്കിൾ, ഇരുചക്ര വാഹനയാത്രക്കാർക്കും വലിയ തോതിൽ അപകട ഭീഷണി ഉയർത്തുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

