തലസ്ഥാന നഗരത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഇന്നു (ഓഗസ്റ്റ് 24) മുതൽ 30 വരെ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 12 മണി വരെയാണ് പ്രധാന റോഡുകളിലും ഇടറോഡുകളിലും ഗതാഗത നിയന്ത്രണം ബാധകമായിരിക്കുന്നത്.
നഗരത്തിൽ അനധികൃത പാർക്കിങ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. അനുവദനീയമായ കേന്ദ്രങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവർ, തിരികെ എത്തുമ്പോൾ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ വാഹനത്തിൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഫുട്പാത്തുകളിൽ വാഹനങ്ങൾ നിർത്തിയിടാൻ പാടില്ല. നിരോധിച്ചിരിക്കുന്ന പ്രധാന പാതകൾ:
മൻമോഹൻ ബംഗ്ലാവ്, വെള്ളയമ്പലം, ആൽത്തറ, പിഎച്ച്ക്യു, മാനവീയം, കെൽട്രോൺ, കനകക്കുന്ന്, മ്യൂസിയം, കോർപറേഷൻ, എ.ആർ.ക്യാംപ്, കനകനഗർ, നന്തൻകോട്, ദേവസ്വം ബോർഡ്, ടിടിസി എന്നീ റോഡുകളുടെ ഇരുവശങ്ങളിലും പാർക്കിങ് പൂർണ്ണമായി വിലക്കിയിട്ടുണ്ട്.
ഇത് അടിയന്തര വാഹനങ്ങൾക്കായുള്ള റൂട്ടുകളായതിനാലാണ് ഈ തീരുമാനം. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർ തങ്ങളുടെ യാത്രാവേളകൾ ഇതിനനുസരിച്ച് മുൻകൂട്ടി ക്രമീകരിക്കേണ്ടതാണ്.
വാഹനം പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ:
* ഇരുചക്ര വാഹനങ്ങൾക്ക്: ടഗോർ തിയറ്റർ, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, പിഎംജി പിഡബ്ല്യുഡി കോംപൗണ്ട്, കോർപറേഷൻ ഓഫിസ്.
* നാലുചക്ര വാഹനങ്ങൾക്ക്: വെള്ളയമ്പലം വാട്ടർ അതോറിറ്റി കോംപൗണ്ട്, ഒബ്സർവേറ്ററി ഹിൽസ്, കോർപറേഷൻ ഓഫിസ് മൾട്ടി ലവൽ പാർക്കിങ്, ആർട്സ് കോളജ് ഗ്രൗണ്ട്, സാഫല്യം കോംപ്ലക്സ് മൾട്ടി ലവൽ പാർക്കിങ്, സംസ്കൃത കോളജ് ഗ്രൗണ്ട്, കേരള സർവകലാശാല ഓഫിസ് പരിസരം, യൂണിവേഴ്സിറ്റി കോളജ് ഗ്രൗണ്ട്, വഴുതക്കാട് വിമൻസ് കോളജ് ഗ്രൗണ്ട്, സംഗീത കോളജ് ഗ്രൗണ്ട്, മോഡൽ സ്കൂൾ ഗ്രൗണ്ട്, ടിടിസി കോളജ് ഗ്രൗണ്ട്, എസ്.എം.വി സ്കൂൾ ഗ്രൗണ്ട്, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, തമ്പാനൂർ മൾട്ടി ലവൽ പാർക്കിങ്, കെഎസ്ആർടിസി മൾട്ടി ലവൽ പാർക്കിങ്, ചാല ബോയ്സ്, ചാല ഗേൾസ് സ്കൂൾ ഗ്രൗണ്ടുകൾ.
നഗരത്തിന് പുറത്തുനിന്നെത്തുന്ന സഞ്ചാരികൾ നിർദ്ദിഷ്ട പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനങ്ങൾ ഒതുക്കിയ ശേഷം പൊതുഗതാഗതം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
ഇതിനായി വിവിധ മേഖലകളിൽ പ്രത്യേക പാർക്കിങ് ഗ്രൗണ്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്. കാട്ടാക്കട, മലയിൻകീഴ്, തിരുമല ഭാഗങ്ങളിൽ നിന്നുള്ളവർക്ക് തിരുമല എഎംഎച്ച്എസ്എസ്, സെവൻത് ഡേ സ്കൂൾ, പൂജപ്പുര എൽബിഎസ് സെന്റർ ഗ്രൗണ്ടുകളും, നെടുമങ്ങാട് ഭാഗത്തുനിന്നുള്ളവർക്ക് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്, ഉദിയന്നൂർ ദേവീക്ഷേത്രം ഗ്രൗണ്ടുകളും ഉപയോഗപ്പെടുത്താം.
നെയ്യാറ്റിൻകര ഭാഗത്തുനിന്നുള്ളവർക്കായി ആറ്റുകാൽ ക്ഷേത്രം, ചാല സ്കൂളുകൾ, മോഡൽ സ്കൂൾ, തൈക്കാട് ടിടിസി ഗ്രൗണ്ടുകളും തിരുവല്ലം ഭാഗത്തുള്ളവർക്ക് മണക്കാട് എച്ച്എസ്എസ്, ഫോർട്ട് ഹൈസ്കൂൾ, കിഴക്കേകോട്ട സെൻട്രൽ സ്കൂൾ ഗ്രൗണ്ടുകളും ഒരുക്കിയിട്ടുണ്ട്.
ഉള്ളൂർ, എംസി റോഡ് ഭാഗത്തുനിന്നുള്ളവർ എംജി കോളജ് ഗ്രൗണ്ടും കഴക്കൂട്ടം ഭാഗത്തുനിന്നുള്ളവർ കാര്യവട്ടം സർവകലാശാല ക്യാംപസ്, ഗ്രീൻഫീൽഡ് സ്റ്റേഡിയം ഗ്രൗണ്ടുകളും ഉപയോഗിക്കേണ്ടതാണ്. അടിയന്തര വാഹനങ്ങൾക്കും വഴിതിരിച്ചുവിടൽ:
നെടുമങ്ങാട്, നെയ്യാറ്റിൻകര, കാട്ടാക്കട, പേരൂർക്കട, ശാസ്തമംഗലം, കിഴക്കേക്കോട്ട, തമ്പാനൂർ ഭാഗങ്ങളിൽ നിന്നുള്ള ആംബുലൻസുകളും മറ്റ് അത്യാഹിത വാഹനങ്ങളും വെള്ളയമ്പലം, മ്യൂസിയം, പിഎംജി, പാളയം റൂട്ടുകൾ ഒഴിവാക്കി കവടിയാർ, പട്ടം വഴിയോ അല്ലെങ്കിൽ ആർബിഐ, അണ്ടർപാസ്, ജനറൽ ആശുപത്രി, നാലുമുക്ക്, കണ്ണമ്മൂല, കുമാരപുരം വഴിയോ സർവീസ് നടത്തേണ്ടതാണ്.
യാത്രക്കാർക്കായി പാളയം, സ്റ്റാച്യു ഭാഗത്തുനിന്ന് കവടിയാർ, പേരൂർക്കട ഭാഗങ്ങളിലേക്കും, കിഴക്കേക്കോട്ട, തമ്പാനൂർ ഭാഗത്തുനിന്ന് വെള്ളയമ്പലം, ശാസ്തമംഗലം ഭാഗങ്ങളിലേക്കും പ്രത്യേക ബദൽ റോഡുകൾ ക്രമീകരിച്ചിട്ടുണ്ട്.
കേശവദാസപുരം, പട്ടം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ പട്ടം, പൊട്ടക്കുഴി, കുമാരപുരം, കണ്ണമ്മൂല, നാലുമുക്ക്, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ വഴി സഞ്ചരിക്കണമെന്ന് പൊലീസ് അറിയിച്ചു. സംശയങ്ങൾക്ക് 0471 2558731, 9497930055 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഓണത്തുമ്പി പദ്ധതിയുമായി പൊലീസ്:
ഓണാഘോഷത്തിനിടയിലെ തിരക്ക് മുതലെടുത്തുള്ള മോഷണങ്ങളും സ്ത്രീകളെ ശല്യം ചെയ്യുന്ന പ്രവണതകളും തടയുന്നതിനായി പ്രത്യേക പദ്ധതിയായ ‘ഓണത്തുമ്പി’ക്ക് പൊലീസ് രൂപം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 50 ഷാഡോ പൊലീസ് സംഘത്തെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.
വ്യാപാര കേന്ദ്രങ്ങൾ, ചന്തകൾ, ബസ് സ്റ്റാൻഡുകൾ, പ്രധാന വിനോദ പരിപാടികൾ നടക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ ഈ സംഘം സജീവമായി പ്രവർത്തിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

