സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഓണം വാരാഘോഷത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന സമ്മേളനത്തിൽ ടൂറിസം സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്, മന്ത്രിമാരായ കെ മുരളീധരന്, സി പി ജോണ്‍, മേയര്‍ വി വി രാജേഷ്, ഡോ.
ശശി തരൂര്‍ എം പി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ചലച്ചിത്രതാരം കുഞ്ചാക്കോ ബോബന് ചടങ്ങിൽ വിശിഷ്ടാതിഥിയായി സംബന്ധിക്കും.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം പ്രമുഖ നടി ശോഭനയുടെ നൃത്താവിഷ്കാരവും, കെ.എസ് ഹരിശങ്കറിന്റെ ലൈവ് ബാന്‍ഡ് അവതരണവും അരങ്ങേറും. തലസ്ഥാന നഗരിയിൽ നൂറുകണക്കിന് കലാകാരന്മാർ അണിനിരക്കുന്ന 340 ഓളം കലാപരിപാടികളാണ് 35 വേദികളിലായി ഒരുക്കിയിട്ടുള്ളത്.
ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 30-ന് നടക്കുന്ന വിപുലമായ സമാപന ഘോഷയാത്രയോടെ അവസാനിക്കും. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് ചടങ്ങിൽ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും.
ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തിയ ശേഷം കനകക്കുന്നിൽ എത്തിച്ചേര്‍ന്ന ഔദ്യോഗിക ഓണപ്പതാക ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ചടങ്ങിൽ ഉയർത്തി. തുടർന്ന് കനകക്കുന്നിൽ സജ്ജീകരിച്ചിട്ടുള്ള പുതിയ മീഡിയ സെന്ററിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
കഴിഞ്ഞ ദിവസം നഗരത്തിലെ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം മന്ത്രി കെ മുരളീധരൻ നിർവഹിച്ചിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി കവടിയാര്‍ മുതല്‍ അട്ടക്കുളങ്ങര വരെയും, ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയുള്ള പ്രധാന പാതകളിലും ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ദീപാലങ്കാരങ്ങൾ ഒരുക്കിയിട്ടുള്ളത്.
ദീപാലങ്കാരങ്ങൾ ആസ്വദിക്കാൻ ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം തന്നെ കനകക്കുന്നിലേക്ക് ഒഴുകിയെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

