സമരങ്ങളുടെ പശ്ചാത്തലത്തിൽ ദില്ലി പൊലീസിന് സുപ്രധാന നിർദ്ദേശങ്ങളുമായി കേന്ദ്ര ഏജൻസികൾ രംഗത്ത്. പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനങ്ങളിൽ ഉദ്യോഗസ്ഥർ വീണുപോകരുതെന്ന് കർശന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
ഡ്യൂട്ടിക്കിടെ പൊലീസുകാരുടെ ദേഷ്യഭാവങ്ങൾ യാതൊരു കാരണവശാലും ക്യാമറയിൽ പതിയാൻ പാടില്ലെന്നും, ‘നിങ്ങളുടെ ദേഷ്യമാണ് അവരുടെ കണ്ടന്റ്’ എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള ഔദ്യോഗിക മുന്നറിയിപ്പ്. മൊബൈൽ ക്യാമറകൾക്ക് മുന്നിൽ പൂർണ്ണമായ സംയമനം പാലിക്കണമെന്നും പ്രതിഷേധക്കാരുമായുള്ള വാക്കേറ്റങ്ങളും കൈയേറ്റങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
സംഘർഷത്തിനിടയിൽ ആർക്കെങ്കിലും പരിക്കേൽക്കുകയാണെങ്കിൽ പ്രഥമ പരിഗണന നൽകി അവരെ സഹായിക്കണം. കൂടാതെ, സ്ത്രീകളുമായി ബന്ധപ്പെട്ട
സാഹചര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വനിതാ പൊലീസിനെ മുൻനിരയിൽ നിയോഗിക്കണമെന്നും വ്യവസ്ഥയുണ്ട്. ദില്ലി പൊലീസിന്റെ കീഴിലുള്ള എല്ലാ ജില്ലാ യൂണിറ്റുകൾക്കും ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഇതിനോടകം കൈമാറിയിട്ടുണ്ട്.
ജന്തർ മന്തറിൽ നടന്ന സി ജെ പി സമരവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് കേന്ദ്ര ഏജൻസികളുടെ ഈ നിർണായക നീക്കം.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരായ സമരത്തിൽ പങ്കെടുത്തവരെ പൊലീസ് കൈകാര്യം ചെയ്ത രീതി വലിയ രീതിയിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഏറ്റവും ഒടുവിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയോടൊപ്പമെത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.
ജൂലൈ 20-ന് നടന്ന മാർച്ചിനിടയിലാണ് വിദ്യാർത്ഥിക്ക് പരിക്കേറ്റത്. പരാതി നൽകാനെത്തിയ രാഹുൽ ഗാന്ധി, പൊലീസ് കേസെടുക്കാൻ തയ്യാറാകാതെ വന്നതോടെ സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.
ഈ സംഭവവികാസങ്ങളെത്തുടർന്നാണ് പൊലീസ് ഒടുവിൽ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കാൻ തയ്യാറായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

