കോഴിക്കോട് നഗരത്തിൽ ലൈസൻസില്ലാതെ അമിതവേഗത്തിൽ കാറോടിച്ച വിദ്യാർഥികൾ പൊലീസ് പിടിയിൽ. വയനാട് റോഡ് വഴി നഗരത്തിലേക്ക് അതിവേഗത്തിൽ എത്തിയ കാർ, കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന യുവതിയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് ഇംഗ്ലിഷ് പള്ളി ജംക്ഷനു സമീപത്തായിരുന്നു സംഭവം. അപകടത്തിൽ യുവതിക്കും കുട്ടികൾക്കും പരുക്കുകൾ ഇല്ലാത്തതിനാൽ അവർ തുടർനടപടികളില്ലാതെ മടങ്ങി.
എന്നാൽ, സംഭവസ്ഥലത്തുണ്ടായിരുന്ന റോഡ് സുരക്ഷാ വിഭാഗം പൊലീസ് കാറിലുണ്ടായിരുന്ന വിദ്യാർഥികളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോഴാണ് ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് ഇല്ലെന്ന വിവരം പുറത്തുവന്നത്. പ്രായപൂർത്തിയായ വിദ്യാർഥികൾ നാദാപുരം സ്വദേശികളാണെന്നും, നഗരത്തിലുള്ള സുഹൃത്തിനെ കാണാൻ എത്തിയതാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
പിതാവ് വാടകയ്ക്ക് എടുത്ത കാർ അനുവാദമില്ലാതെ എടുത്തുകൊണ്ടുവന്നതാണെന്നാണ് ഇവർ പൊലീസിനോട് വിശദമാക്കിയത്. തുടർന്ന് പൊലീസ് വാഹനം പൂർണ്ണമായി പരിശോധിച്ചെങ്കിലും മറ്റ് അസ്വാഭാവികതകൾ ഒന്നും കണ്ടെത്താനായില്ല.
വിദ്യാർഥികളുടെ അഭ്യർത്ഥനയെ തുടർന്ന് പൊലീസ് ലൈസൻസുള്ള ഒരു ബന്ധുവിനെ അല്ലെങ്കിൽ സുഹൃത്തിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്താൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഇവർ നഗരത്തിലുള്ള മറ്റൊരു സുഹൃത്തിനെ സ്ഥലത്ത് എത്തിക്കുകയായിരുന്നു.
സുഹൃത്തിന്റെ ലൈസൻസ് പരിശോധിച്ച ശേഷം, ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് 5000 രൂപ പിഴ ഈടാക്കി. തുടർന്ന് മൂന്ന് പേർക്കും കർശനമായ ബോധവൽക്കരണം നൽകിയ ശേഷമാണ് പൊലീസ് വിട്ടയച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

