ആഗോള തലത്തിൽ രാഷ്ട്രീയ-സാമ്പത്തിക രംഗത്ത് നിർണായക മാറ്റങ്ങൾ സംഭവിക്കുന്നതിനിടയിൽ, യുഎസും ഏറ്റവും അടുത്ത സുഹൃത്തും ദീർഘകാല വ്യാപാര പങ്കാളിയുമായ കാനഡയും ഒരിടവേളയ്ക്കുശേഷം വീണ്ടും വ്യാപാര ‘യുദ്ധ’ത്തിലേക്ക് കടന്നു. ഇറാന്റെ സമ്പദ്വ്യവസ്ഥയെ കൂടുതൽ തരിപ്പണമാക്കാൻ യുഎസ് പ്രസിഡന്റ് ട്രംപിന്റെ പുതിയ ഉപരോധ യുദ്ധവും ഉടനുണ്ടാകുമെന്നാണ് സൂചന.
ഇനിയും ‘സാമ്പത്തികമായി ഉപദ്രവിക്കാനാണ്’ യുഎസിന്റെ നീക്കമെങ്കിൽ, അതിനെ ആരെങ്കിലും പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അവർക്കെതിരെ ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനിയൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ മേധാവി മൊഹ്സെൻ റെസായി മുന്നറിയിപ്പ് നൽകി. ഗൾഫ് രാജ്യങ്ങളെ ഉദ്ദേശിച്ചാണ് മൊഹ്സിൻ റെസായിയുടെ ഭീഷണിയെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാനെയും യുഎസിനെയും വീണ്ടും സമാധാന മേശയിലേക്ക് വിളിക്കാൻ ഈജിപ്ത് ശ്രമിക്കുന്നുണ്ട്. ഇതിനിടയിൽ ട്രംപ് വീണ്ടും ഹോർമുസ് കടലിടുക്കിനെ യുഎസിന്റെ പുത്തൻ പ്രദേശമായി പ്രഖ്യാപിച്ചു.
എന്നാൽ ‘ഒരു കാര്യവുമില്ലെന്നും’ ഹോർമുസ് എന്നും ഇറാന്റെ സ്വത്താണെന്നും ഇറാൻ ശക്തമായി പ്രതികരിച്ചു. ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്നും രാജ്യം വ്യക്തമാക്കി.
എങ്കിലും, ഇറാഖി കപ്പലുകൾക്ക് ഹോർമുസ് കടന്നുപോകാമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിന് ബദൽ കണ്ടെത്തി വ്യാപാരം സജീവമാക്കാൻ സൗദി അറേബ്യയും ഫ്രാൻസും ചർച്ചയിലേക്ക് കടന്നേക്കുമെന്നാണ് വിവരം.
ഇതിനിടെ, സിറിയയിലും ഗാസയിലും ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. സിറിയയിലെ ഇസ്രയേലി ആക്രമണത്തെ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക അറിയിച്ചു.
മറുവശത്ത് യുക്രെയ്നും റഷ്യയും തമ്മിലെ യുദ്ധത്തിന്റെ സ്വഭാവം മാറി. സൈനിക കേന്ദ്രങ്ങൾക്കും എണ്ണ റിഫൈനറികൾക്കും പകരം ഇപ്പോൾ ഷോപ്പിങ് മാളുകളും ഇ-കൊമേഴ്സ് കമ്പനികളുടെ ഗോഡൗണുകളുമൊക്കെയാണ് പരസ്പരം തകർക്കുന്നത്.
ഇതിനിടയിൽ, ഇന്ത്യയുമായി യുഎസിന്റെ വ്യാപാരക്കരാർ ഉടനുണ്ടാകുമെന്ന സൂചനയുമായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ രംഗത്തുവന്നു. ട്രംപിഉം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലെ സൗഹൃദവും വിശ്വാസവുമാണ് ഇന്ത്യ-യുഎസ് ബന്ധത്തിന്റെ അടിത്തറ ശക്തമാക്കുന്നതെന്ന് ഗോർ വ്യക്തമാക്കി.
വ്യാപാരക്കരാർ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇരുകൂട്ടരും തമ്മിലെ ബന്ധം ശക്തമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണക്കുകൾ കള്ളം പറയില്ലെന്നും 15 വർഷം മുൻപ് 20 ബില്യൻ ഡോളറായിരുന്നു ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരമെങ്കിൽ ഇപ്പോഴത് 240 ബില്യനാണെന്നും, ഇനിയത് വൈകാതെ 500 ബില്യനാകുമെന്നും സെർജിയോ ഗോർ കൂട്ടിച്ചേർത്തു.
‘‘ഞാൻ ഇന്ത്യയിലെത്തി അംബാസഡർ പദവി ഏറ്റെടുത്ത് ഒരുമാസത്തിനകം തന്നെ ഇന്ത്യ-യുഎസ് ഡീൽ തയ്യാറായതാണ്. പക്ഷേ, അപ്പോഴേക്കും യുഎസിന്റെ പകരംതീരുവകൾ സുപ്രീംകോടതി അസാധുവാക്കി.
ഇപ്പോൾ കണക്കുകളിൽ മാറ്റംവരുത്തി വീണ്ടും വ്യാപാരക്കരാർ തയ്യാറാക്കുകയാണ്. ഏറക്കുറെ ഡീൽ സജ്ജമായി കഴിഞ്ഞു.
ഇനി ഏതാനും സാങ്കേതികകാര്യം മാത്രമേ ബാക്കിയുള്ളൂ’’ എന്ന് അദ്ദേഹം ‘ഇടി വേൾഡ് ലീഡേഴ്സ് ഫോറ’ത്തിൽ വ്യക്തമാക്കി. ഇന്ത്യയും യുഎസും വമ്പൻ സാമ്പത്തികശക്തികളാണെന്ന് വിശേഷിപ്പിച്ച ഗോർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഈ വർഷം വീണ്ടും ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

