നഗരത്തിൽ രാത്രികാലത്ത് ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന അധ്യാപികയുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ച സംഭവത്തിൽ മൂന്ന് പ്രതികളെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട
കോട്ടമൻപാറ സീതത്തോട് സ്വദേശികളായ നന്ദു (19), അദ്വൈത് (19) എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയുമാണ് ഇപ്പോൾ പൊലീസിന്റെ പിടിയിലായിട്ടുള്ളത്. ഓഗസ്റ്റ് 18ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
വള്ളക്കടവ് ജംഗ്ഷന് സമീപത്തുവെച്ചാണ് ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുകയായിരുന്ന അധ്യാപികയുടെ സ്വർണമാല ബൈക്കിലെത്തിയ സംഘം ബലമായി പറിച്ചുമാറ്റി കടന്നുകളഞ്ഞത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട
പ്രതികൾ കവർച്ച ചെയ്ത സ്വർണം ചാലയിലെ ഒരു സ്വർണക്കടയിൽ വിൽപന നടത്തി. ഈ തുക ഉപയോഗിച്ച് ആഡംബര വിഭാഗത്തിൽപ്പെട്ട
രണ്ട് ഐഫോണുകൾ ഇവർ വാങ്ങിയതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ തൃപ്പൂണിത്തുറയിൽ ഒളിവിൽ കഴിഞ്ഞുവരവെയാണ് അന്വേഷണ സംഘത്തിന്റെ വലയിലായത്.
അധ്യാപിക സമയോചിതമായി വാഹനം തിരിച്ചറിഞ്ഞ് നമ്പർ ശ്രദ്ധിച്ചിരുന്നത് കേസിൽ പൊലീസിന് നിർണായകമായ വഴിത്തിരിവായി മാറിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ചാലയിലെ സ്വർണക്കടയിൽ നിന്നും നഷ്ടപ്പെട്ട
മാല കണ്ടെടുത്തു. കൂടാതെ, കൃത്യത്തിനായി പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പിടിയിലായ പ്രതികളിൽ ഒരാളായ നന്ദുവിന് മുൻപും മയക്കുമരുന്ന് കേസുകളുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ സജിമോൻ ബി എസിന്റെ നേതൃത്വത്തിൽ എസ്ഐ ദിനേശ് ഉൾപ്പെടുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ നിയമപരമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

