സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുകയും കോൺഗ്രസ് നേതാവ് ആഭ്യന്തരമന്ത്രിയാകുകയും ചെയ്തിട്ടും ആഭ്യന്തരവകുപ്പിലെ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നത് പൊലീസിലെ സിപിഐഎം അനുകൂലികളും പാർട്ടി ക്രിമിനലുകളുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ആരോപിച്ചു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ഓണാഘോഷം ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾക്ക് പൊലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയത് പൊതുജനത്തോടുള്ള വെല്ലുവിളിയാണ്. സിപിഐഎം നേതാവ് ഐ.പി.
ബിനു ഉൾപ്പെടെയുള്ള പ്രതികളാണ് ഈ ആഘോഷപരിപാടിയിൽ സംബന്ധിച്ചത്. ഗുരുതരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർക്കായി പൊലീസ് സ്റ്റേഷന്റെ വാതിലുകൾ തുറന്നുകൊടുക്കുന്ന സാഹചര്യം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റേഷനിലെ എസ്എച്ച്ഒ നേരിട്ടാണ് ക്രിമിനൽ കേസിലെ പ്രതികൾക്കായി ഓണക്കോടി ഉൾപ്പെടെയുള്ളവ വാങ്ങി നൽകിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പോലീസ് ഓഫീസേഴ്സ് യൂണിയന്റെ അറിവോടെയാണ് ഇത്തരം നടപടികൾ അരങ്ങേറിയതെന്നും അനൂപ് ആന്റണി കുറ്റപ്പെടുത്തി.
ആഭ്യന്തരമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കിൽ, ക്രിമിനലുകൾക്കായി സ്റ്റേഷന്റെ വാതിലുകൾ തുറന്നുകൊടുത്ത ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കാനുള്ള ആർജവമാണ് കാണിക്കേണ്ടത്. പൊലീസ് സ്റ്റേഷനുകളെ ഭരണകക്ഷിയുടെയും ക്രിമിനൽ സംഘങ്ങളുടെയും വിഹാരകേന്ദ്രങ്ങളാക്കി മാറ്റാൻ അനുവദിക്കില്ല.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനങ്ങളിൽ യാതൊരുവിധ മാറ്റവും വന്നിട്ടില്ലെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രിക്കാണ്.
പൊലീസിലെ ക്രിമിനൽ സംഘങ്ങൾക്കും സിപിഐഎം അനുകൂലികൾക്കും മുന്നിൽ കീഴടങ്ങാതെ യഥാർത്ഥ നിയമവാഴ്ച നടപ്പിലാക്കാൻ ആഭ്യന്തരമന്ത്രി തയ്യാറാകണമെന്നും അനൂപ് ആന്റണി ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

