കൊച്ചി: കോടതി നടപടികളുടെ ദൃശ്യങ്ങൾ അനുമതി തേടാതെ റെക്കോർഡ് ചെയ്ത് യൂട്യൂബിൽ പങ്കുവെച്ച സംഭവത്തിൽ പ്രമുഖ അഭിഭാഷകന് ഹൈക്കോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്. അഡ്വ.
മാത്യൂസ് ജെ നെടുമ്പാറയ്ക്ക് ആണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കോടതിയലക്ഷ്യ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഈ കർശന നടപടി സ്വീകരിച്ചിട്ടുള്ളത്.
ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ വിഷയം പരിഗണിച്ചത്.
ഹൈക്കോടതി രജിസ്ട്രിയുടെ ഔദ്യോഗിക റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ബെഞ്ചിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഈ വിഷയത്തിൽ വരുന്ന സെപ്റ്റംബർ ഏഴിനകം ഔദ്യോഗിക വിശദീകരണം സമർപ്പിക്കാൻ അഭിഭാഷകന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതോടൊപ്പം, ഇതുസംബന്ധിച്ച് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ കേരളത്തിലെ വിവിധ കോടതികളിൽ ഓൺലൈൻ മുഖേനയോ വെർച്വൽ ആയിട്ടോ ഹാജരാകുന്നതിൽ നിന്നും അഡ്വ. മാത്യൂസ് ജെ നെടുമ്പാറയെ കോടതി വിലക്കിയിട്ടുണ്ട്.
2025ലെ ഇലക്ട്രോണിക് ഓഡിയോ-വീഡിയോ ലിങ്കേജ് റൂൾസ് (കേരളം) പ്രകാരം കോടതി നടപടികൾ മുൻകൂർ അനുമതിയില്ലാതെ പകർത്തുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. ഈ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന മുന്നറിയിപ്പുകൾ പലതവണ നൽകിയിട്ടും അഭിഭാഷകൻ അത് ലംഘിച്ചതായി ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

