ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വീടുകളെ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുക ലക്ഷ്യമിട്ടുള്ള സ്മാർട്ട് ഹോം എക്സ്പോ 2.0 ന് കൊച്ചിയിൽ തുടക്കമായി. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ കൊച്ചി മേയർ അഡ്വ.
മിനിമോൾ വി. എക്സ്പോ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. റിയൽ എസ്റ്റേറ്റ് പോർട്ടലും അനുബന്ധ സംവിധാനങ്ങളും സംയുക്തമായാണ് ഈ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
പ്രദർശന നഗരിയുടെ പ്രധാന ആകർഷണമായി സ്വിമ്മിങ് പൂൾ, ഹ്യൂമനോയ്ഡ് റോബോർട്ട്, ഹോം തീയറ്റർ, വേസ്റ്റ് മാനേജ്മൻറ്, ബാത്റൂം സംവിധാനങ്ങൾ തുടങ്ങി ഒട്ടനവധി അതിനൂതന സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്ന ഒരു യഥാർത്ഥ സ്മാർട്ട് ഹോം മാതൃക തന്നെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സ്മാർട്ട് ലിവിങ്ങിന്റെ നൂതന സാധ്യതകൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം, വീടുകളെ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനുള്ള സംവിധാനങ്ങൾ നേരിട്ട് കാണാനും ഇവിടെ സൗകര്യമുണ്ട്.
സ്മാർട്ട് ഹോം ടെക്നോളജികളുടെ തത്സമയ പ്രദർശനം ഉൾപ്പെടുന്ന പ്രത്യേക എക്സ്പീരിയൻസ് സോൺ സന്ദർശകരുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. വീട് നിർമാണം, ഇന്റീരിയർ ഡിസൈനിങ്, വിവിധ സ്മാർട്ട് ഹോം സംവിധാനങ്ങൾ, അനുബന്ധ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട
നിരവധി സ്റ്റാളുകളാണ് എക്സ്പോയിൽ ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന പല പുതിയ സാങ്കേതികവിദ്യകളും അടുത്തറിയാനും ഈ രംഗത്തെ വിദഗ്ധരുമായി സംവദിക്കാനും സന്ദർശകർക്ക് അവസരമൊരുങ്ങിയിട്ടുണ്ട്.
ജൈഹിന്ദ് ഗ്രൂപ്പാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ. ബാങ്ക് ഓഫ് ബറോഡ ബാങ്കിംഗ് പങ്കാളിയായും മൈക്രോടെക് ടെക് വർക്ക് പാർട്ണറായും ഈ സംരംഭത്തോട് സഹകരിക്കുന്നുണ്ട്.
രാവിലെ 11 മണി മുതൽ രാത്രി 8 മണി വരെയാണ് എക്സ്പോയുടെ പ്രവർത്തന സമയം. പ്രവേശനം തികച്ചും സൗജന്യമാണ്.
വീട് നിർമാണ രംഗത്ത് പ്രവർത്തിക്കുന്നവർക്കും, പുതിയ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്കും അല്ലെങ്കിൽ നിലവിലുള്ള വീട് പുതുക്കിപ്പണിയാൻ താല്പര്യപ്പെടുന്നവർക്കും ഈ പ്രദർശനം ഏറെ പ്രയോജനകരമാകും. വരും ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിവിധ സെഷനുകൾക്ക് ശേഷം ഓഗസ്റ്റ് 23 ന് സ്മാർട്ട് ഹോം എക്സ്പോ സമാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

