കാസർകോട് ജില്ലയിൽ ഓണാഘോഷങ്ങൾ സജീവമായതോടെ കേറ്ററിങ് യൂണിറ്റുകൾക്ക് വടക്കൻ കേരളത്തിൽ വൻ തിരക്ക്. അത്തം നാൾ മുതൽ തന്നെ രുചികരമായ ഓണസദ്യയുമായി പാച്ചിലിലാണ് ഇവർ.
ഈ തിരക്ക് തിരുവോണം വരെ നീണ്ടുനിൽക്കുമെന്നാണ് കണക്കാക്കുന്നത്. കേറ്ററിങ് യൂണിറ്റുകൾക്ക് പുറമെ ചില പ്രമുഖ ഹോട്ടലുകളും ആവശ്യക്കാർക്ക് ഓണസദ്യ എത്തിച്ചു നൽകുന്നുണ്ട്.
വിഭവങ്ങളുടെ വൈവിധ്യത്തിനനുസരിച്ചാണ് സദ്യയ്ക്ക് വില ഈടാക്കുന്നത്. സാധാരണ സദ്യയ്ക്ക് 200 രൂപ മുതൽ മുകളിലോട്ടാണ് നിരക്ക് ആരംഭിക്കുന്നത്.
ഒരു പായസവും 15 തരം വിഭവങ്ങളുമുള്ള സാധാരണ സദ്യയ്ക്ക് 200 രൂപ ഈടാക്കുമ്പോൾ, രണ്ട് തരം പായസവും കൂടുതൽ വിഭവങ്ങളും ഉൾപ്പെടുന്ന സദ്യയ്ക്ക് 400 രൂപ വരെയാണ് വില. സർക്കാർ ഓഫിസുകളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും രണ്ട് തരം പായസത്തോടു കൂടിയ സദ്യയ്ക്കാണ് ആവശ്യക്കാർ ഏറെയുള്ളത്.
വിപണിയിലെ വിലക്കയറ്റം ഓണസദ്യയുടെ നിർമാണച്ചെലവിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പഞ്ചസാരയ്ക്ക് വില കൂടിയതോടെ പ്രഥമൻ ഉൾപ്പെടെയുള്ള വിഭവങ്ങൾക്ക് ചെലവ് വർധിച്ചിരിക്കുകയാണ്.
സദ്യയൊരുക്കുന്ന പാചകക്കാർക്കും വിതരണ ജീവനക്കാർക്കും ഇത് വിശ്രമമില്ലാത്ത ഉറക്കമില്ലാത്ത ദിവസങ്ങളാണ്. തലേന്ന് വൈകിട്ടാണ് പിറ്റേ ദിവസത്തെ സദ്യയ്ക്കുള്ള പാചക ജോലികൾ ആരംഭിക്കുന്നത്.
പച്ചക്കറി അരിയാൻ മാത്രം മണിക്കൂറുകൾ വേണ്ടിവരുന്നു. പുലർച്ചെയോടെ പാചകം പൂർത്തിയാക്കി, ഓർഡർ അനുസരിച്ച് പാക്കിങ് ജോലികളിലേക്ക് കടക്കുന്നു.
സദ്യയിൽ യാതൊരു വിഭവവും ഒഴിവാകരുതെന്ന കർശന നിബന്ധനയോടെയാണ് പാക്കിങ്. തുടർന്ന് കൃത്യസമയത്ത് ആവശ്യക്കാർക്ക് സദ്യ എത്തിച്ചു നൽകുകയെന്ന വലിയ ദൗത്യമാണ് ഇവർ നിർവഹിക്കുന്നത്.
വിതരണം പൂർത്തിയാക്കിയ ശേഷം പാത്രങ്ങൾ ശേഖരിക്കാൻ വീണ്ടും തിരികെ പോകേണ്ടതുണ്ട്. ഇവരുമായി തിരിച്ചെത്തുമ്പോഴേക്കും അടുത്ത ദിവസത്തേക്കുള്ള പാചക ജോലികൾ വീണ്ടും ആരംഭിക്കുകയായി.
ഇത്തരത്തിൽ തിരക്കിൽ നിന്ന് തിരക്കിലേക്കുള്ള ഓട്ടത്തിലാണ് ഈ ഓണക്കാലത്തും കേറ്ററിങ് ജീവനക്കാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

