മുംബൈ: ഐഫോൺ ഇൻസ്റ്റാൾമെന്റ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മഹാരാഷ്ട്രയിലെ ഛത്രപതി സംബാജിനഗറിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി അന്ത്യം സംഭവിച്ചു.
സംഭവത്തിൽ 18 വയസ്സുകാരനായ കുനാൽ, മാതാപിതാക്കളായ മുരളീധർ, സംഗീത എന്നിവരാണ് മരണമടഞ്ഞത്. നാടിനെയാകെ നടുക്കിയ ഈ സംഭവത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെയാണ്.
പുതിയ ഐഫോൺ സ്വന്തമാക്കിയ കുനാലിന് അതിന്റെ ഇഎംഐ തുക കൃത്യമായി അടച്ചു തീർക്കാൻ സാധിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ രൂക്ഷമായ തർക്കങ്ങൾ ഉടലെടുത്തിരുന്നു.
വഴക്കിനൊടുവിൽ കടുത്ത മനോവിഷമത്തിലായ കുനാൽ സമീപത്തുള്ള തിസ്ഗാവ് മലയുടെ മുകളിൽ കയറുകയും താഴേക്ക് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. വിവരമറിഞ്ഞയുടൻ പൊലീസും ഫയർഫോഴ്സും നാട്ടുകാരും മാതാപിതാക്കളും സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിക്കാൻ ശ്രമം ആരംഭിച്ചു.
ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമമാണ് രക്ഷാപ്രവർത്തകർ നടത്തിയത്.
താൻ ജീവനൊടുക്കാൻ പോവുകയാണെന്ന് കുനാൽ ആവർത്തിച്ചുകൊണ്ടിരുന്നു. മുൻ സർപഞ്ച് സഞ്ജയ് ജാധവ് ഉൾപ്പെടെയുള്ളവർ അമ്മയുടെ മുഖം ഓർത്തെങ്കിലും മലമുകളിൽ നിന്ന് താഴേക്ക് ഇറങ്ങി വരണമെന്ന് അഭ്യർത്ഥിച്ചു.
കൂടാതെ, സ്ഥലത്തുകൂടിരുന്നവരിൽ ഒരാൾ യുവാവിന് പുതിയ ഐഫോൺ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ ഈ അപേക്ഷകളോ വാഗ്ദാനങ്ങളോ ഒന്നും തന്നെ കുനാലിനെ തന്റെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചില്ല.
തുടർന്ന് ഉച്ചയോടെ ഏകദേശം ഒരു മണിയോടെ അച്ഛൻ മുരളീധർ മലകയറി മകന്റെ അരികിലേക്ക് എത്തി. മകന്റെ കൈപിടിച്ചു സുരക്ഷിത സ്ഥാനത്തേക്ക് വലിച്ച് കയറ്റാൻ അദ്ദേഹം ശ്രമിച്ചെങ്കിലും, ആ സമയത്ത് രണ്ടുപേരുടെയും കാൽതെറ്റി വലിയൊരു കൊക്കയിലേക്ക് വീഴുകയായിരുന്നു.
ഭർത്താവും മകനും തന്റെ കൺമുന്നിൽ താഴ്ചയിലേക്ക് പതിക്കുന്നത് കണ്ട് മാനസികാഘാതം താങ്ങാനാവാതെ അമ്മ സംഗീതയും നിമിഷനേരങ്ങൾക്കകം മലമുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ മൂവരും സംഭവസ്ഥലത്തുതന്നെ മരണത്തിന് കീഴടങ്ങി.
ഈ ദാരുണ സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അറിയിക്കുകയും ചെയ്തു. *(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)*
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

