ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ ഉത്തരവ് പ്രകാരം ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട് ഉടമകൾക്ക് ഒരു മാസത്തിൽ സൗജന്യമായി പണം പിൻവലിക്കാവുന്ന പരിധി നാല് തവണയായി നിജപ്പെടുത്തിയിട്ടുണ്ട്.
അനുവദനീയമായ സൗജന്യ പിൻവലിക്കലുകൾക്ക് ശേഷമുള്ള ഓരോ അധിക ഇടപാടിനും 15 രൂപയും അനുബന്ധ ജി.എസ്.ടിയും ഫീസായി ഈടാക്കാനാണ് തീരുമാനം. ഈ പുതിയ സാമ്പത്തിക നിയമങ്ങൾ 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
നേരത്തെ ആധാർ എനേബിൾഡ് പേയ്മെന്റ് സിസ്റ്റം വഴിയുള്ള പണമിടപാടുകളെ നാല് സൗജന്യ ഇടപാടുകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ പുതിയ മാറ്റപ്രകാരം എസ്.ബി.ഐ എടിഎമ്മുകൾ, മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ, ബാങ്ക് ശാഖകൾ വഴിയുള്ള നേരിട്ടുള്ള പണം പിൻവലിക്കലുകൾ, ആധാർ അധിഷ്ഠിത പണം പിൻവലിക്കൽ സംവിധാനങ്ങൾ എന്നിവയെല്ലാം ഈ പുതിയ ചാർജിന്റെ പരിധിയിൽ വരും.
ഉദാഹരണത്തിന് ഒരു ഉപഭോക്താവ് എടിഎം അല്ലെങ്കിൽ ബാങ്ക് ശാഖ വഴി മൂന്ന് തവണയും ആധാർ സംവിധാനം വഴി ഒരു തവണയും പണം പിൻവലിച്ചാൽ തന്നെ സൗജന്യ പരിധി അവസാനിക്കും. ഇതിനുശേഷമുള്ള അഞ്ചാമത്തെ പണം പിൻവലിക്കലിന് ഉപഭോക്താക്കൾ അധിക നിരക്ക് നൽകേണ്ടി വരും.
അതേസമയം യു.പി.ഐ, എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ്, ഐ.എം.പി.എസ് തുടങ്ങിയ ഇലക്ട്രോണിക് വഴികളിലൂടെയുള്ള ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ല. ഡിജിറ്റൽ ഇടപാടുകൾ പൂർണ്ണമായും സൗജന്യമായി തുടരുമെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

