ഇറാനിലെ റോഡുകൾ, പാലങ്ങൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി നിലയങ്ങൾ എന്നിവ തകർക്കാനുള്ള യുഎസിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായി ഇറാൻ ഗതാഗത, നഗരവികസന മന്ത്രി ഫർസാന സാദേഗ് വ്യക്തമാക്കി. ജനങ്ങളിൽ ഭീതി പരത്തുക എന്ന ലക്ഷ്യത്തോടെ ശത്രുക്കൾ രാത്രികാലങ്ങളിൽ നടത്തിയ ബോധപൂർവ്വമായ ആക്രമണങ്ങൾക്കൊന്നും ലക്ഷ്യത്തിലെത്താൻ സാധിച്ചില്ലെന്ന് അവർ അറിയിച്ചു.
സൈനിക ആക്രമണങ്ങൾ തുടരുമ്പോഴും രാജ്യത്തെ ചരക്കുനീക്കവും തുറമുഖങ്ങളുടെ പ്രവർത്തനങ്ങളും സർക്കാല റെക്കോർഡുകൾ ഭേദിച്ചാണ് മുന്നേറുന്നത്. ദക്ഷിണ മേഖലയിലെ നിർണായകമായ ഇമാം ഖമനയ് തുറമുഖത്തെ കയറ്റിറക്കൽ നിരക്ക് യുദ്ധത്തിന് മുൻപുള്ള അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ 100 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയുടെ വൻ നിക്ഷേപമുള്ളതും ഇന്ത്യൻ കമ്പനിയുടെ നിയന്ത്രണത്തിലുള്ളതുമായ ചബഹാർ തുറമുഖത്തെ പ്രതിദിന ട്രക്ക് ഗതാഗതം ശരാശരി 1000 കവിഞ്ഞതായും ഫർസാന സാദേഗ് വെളിപ്പെടുത്തി. പ്രതിസന്ധികൾ നിറഞ്ഞ ദുഷ്കരമായ സാഹചര്യത്തിലും ചബഹാറിലേക്ക് ചരക്കുകളുമായി സർവീസ് നടത്തുന്ന ട്രക്ക് ഡ്രൈവർമാരുടെ പ്രവർത്തനങ്ങളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ട് തൊഴിൽ രംഗത്ത് ഉറച്ചുനിൽക്കാൻ ഡ്രൈവർമാർ കാണിച്ച മനോധൈര്യം തികച്ചും മാതൃകാപരമാണെന്ന് അവർ കൂട്ടിച്ചേർത്തു. അതേസമയം, നേരിട്ടുള്ള സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ അടിച്ചേൽപ്പിക്കാനാണ് യുഎസിന്റെ നിലവിലെ ശ്രമം.
ഇറാന്റെ വാണിജ്യ, സാമ്പത്തിക, വ്യാപാര മേഖലകളുമായി യാതൊരുവിധ ബന്ധവും പുലർത്തരുതെന്ന് ലോകരാഷ്ട്രങ്ങൾക്ക് യുഎസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല പ്രതിസന്ധികൾ പൂർണ്ണമായും പരിഹരിക്കപ്പെടുന്നത് വരെ താൽക്കാലികമായി ഇറാൻ സർക്കാരിന് കൈമാറുന്ന കാര്യം ഇന്ത്യ ഗൗരവമായി ആലോചിക്കുന്നുണ്ട്.
ഈ തുറമുഖത്തെ ഉപരോധത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യ ഇതിനോടകം തന്നെ യുഎസിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാനെ ഒഴിവാക്കിക്കൊണ്ട് അഫ്ഗാനിസ്ഥാൻ, മധ്യേഷ്യൻ രാജ്യങ്ങൾ, ഇറാൻ എന്നിവിടങ്ങളിലേക്ക് സുഗമമായി ചരക്കുനീക്കം നടത്തുന്നതിനുള്ള ഇന്ത്യയുടെ അതിപ്രധാനമായ തന്ത്രപ്രധാന കവാടമാണ് ചബഹാർ തുറമുഖം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

