മേപ്പാടി റിപ്പൺ കാന്തൻപാറ വെള്ളച്ചാട്ടത്തിൽ വൈകിട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചീരാൽ വെള്ളച്ചാൽ സ്വദേശി വെട്ടുകല്ലിൽ അമൽ വിഷ്ണു (32) ആണ് മരിച്ചത്.
സംഭവമറിഞ്ഞയുടൻ കൽപറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. പ്രദേശത്ത് ശക്തമായ ഒഴുക്കുള്ളതിനാൽ അതീവ ജാഗ്രതയോടെയായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.
രാത്രി ഏഴരയോടെ കൽപറ്റ ഫയർഫോഴ്സും തുർക്കി ജീവൻ രക്ഷാ സമിതി അംഗങ്ങളും ചേർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കോത്തഗിരിയിലെ ജുവലറിയിൽ റീജനൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു അമൽ വിഷ്ണു.
തുടർനടപടികൾക്ക് ശേഷം മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

