വയനാട് ജില്ലയിലെ കൽപറ്റ കൈനാട്ടിയിൽ നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിയ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി സ്വദേശിയായ മഹേഷ് (22) ആണ് മരണപ്പെട്ടത്.
രാവിലെ ഒൻപതു മണിയോടെ കൈനാട്ടിയിലെ ഒരു വീട്ടിൽ സഹപ്രവർത്തകർക്കൊപ്പം ജോലിക്കായി എത്തിയതായിരുന്നു അദ്ദേഹം. ജോലിക്കിടയിൽ വെള്ളം കുടിക്കാനായി വിശ്രമമുറിയിലേക്ക് പോയ യുവാവിനെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മഹേഷിനെ ഇവർ കണ്ടത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.
ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംഭവസ്ഥലത്ത് എത്തിയ കൽപറ്റ പൊലീസ് പ്രദേശം സീൽ ചെയ്യുകയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയും ചെയ്തു.
സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

