എഡിജിപി എം.ആര്. അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
എസ്.ഐ.ടി. റിപ്പോര്‍ട്ടില്‍ ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ എല്ലാ ചട്ടങ്ങളും പാലിച്ചാണ് നടപടി സ്വീകരിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സസ്പെന്ഷന് ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചില്ലെന്ന എഡിജിപിയുടെ വാദവും സര്‍ക്കാര്‍ പൂര്‍ണ്ണമായും തള്ളി. ചീഫ് സെക്രട്ടറിയാണ് സസ്പെന്ഷന് ഉത്തരവില്‍ ഒപ്പുവെച്ചതെന്നും, ഇതില്‍ മുഖ്യമന്ത്രി തന്നെ ഒപ്പുവെക്കണമെന്ന് നിയമപരമായി നിര്‍ബന്ധമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സസ്പെന്ഷന് എന്നത് ഒരു ശിക്ഷാ നടപടിയല്ലെന്നും മറിച്ച് അച്ചടക്കനടപടിയുടെ ഭാഗമാണെന്നും ട്രൈബ്യൂണലിനെ ബോധിപ്പിച്ചു. തനിക്ക് ലഭിച്ച സസ്പെന്ഷന് രാഷ്ട്രീയ പ്രേരിതമാണെന്നും തന്റെ പ്രമോഷന് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നുവെന്നുമായിരുന്നു എം.ആര്.
അജിത് കുമാറിന്റെ പ്രധാന വാദങ്ങള്‍. എന്നാല്‍ ഈ ആക്ഷേപങ്ങളെല്ലാം തികച്ചും അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
തുടര്‍നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്മേല് എഡിജിപി മറുപടി നല്‍കും. കേസ് വരുന്ന സെപ്റ്റംബര്‍ മൂന്നിന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വീണ്ടും പരിഗണിക്കും.
സര്‍ക്കാരിന് വേണ്ടി സ്റ്റേറ്റ് അറ്റോണി അനൂപ് വി. നായര്‍ ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

