കാസർകോട്: കാസർകോട് കാലിക്കടവ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ എംഡിഎംഎ കേസിൽ നാല് പ്രതികളേയും മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കാറിലായി 139 ഗ്രാം എംഡിഎംഎ കടത്തുന്നതിനിടയിൽ കാലിക്കടവിൽ നിന്ന് പിടിയിലായ പെരുമ്പാവൂർ സ്വദേശികളായ കെഎച്ച് മുഹമ്മദ് ഹുസൈൻ, പിഎ അബ്ദുൽ സലാം, പിഎ അബ്ബാസ്, ഇവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയ സൈനുൽ ആബിദ് എന്നിവരെയാണ് കോടതി കസ്റ്റഡിയിൽ അനുവദിച്ച് ഉത്തരവിട്ടത്.
കാസർകോട് ജില്ലാ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് ചന്തേര പൊലീസ് തീരുമാനം.
ഇതിനുശേഷം ആവശ്യമെങ്കിൽ തെളിവെടുപ്പ് നടപടികളിലേക്ക് കടക്കും. അതേസമയം, കേസ് പുറത്തുവന്നതിന് പിന്നാലെ പ്രതികളെ യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും ഇവർക്ക് പാർട്ടി ഭാഗത്തുനിന്ന് യാതൊരുവിധ സഹായവും ലഭിക്കില്ലെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇതിനിടയിൽ പ്രതികൾക്കായി കോടതിയിൽ ഹാജരായത് കാസർകോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റായ അഡ്വ. ഷാജിദ് കമ്മാടം ആണെന്നുള്ളത് ശ്രദ്ധേയമായി.
കേസിൽ പ്രതികളുടെ വക്കാലത്ത് മറ്റൊരു അഭിഭാഷകനാണ് ഏറ്റെടുത്തിരുന്നതെങ്കിലും, അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഇന്ന് മാത്രം കോടതിയിൽ ഹാജരാവുകയായിരുന്നു എന്നാണ് അഡ്വ. ഷാജിദ് കമ്മാടത്തിന്റെ വിശദീകരണം.
പ്രതികളുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, തങ്ങളെ കരുതിക്കൂട്ടി കേസിൽ പെടുത്തിയതാണെന്നും ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്നുമാണ് പ്രതികളുടെ പക്ഷം.
പയ്യന്നൂരിലെ ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തി കേസിൽ കുടുക്കിയതാണെന്ന് അബ്ദുൾ സലാം പ്രതികരിച്ചു. തങ്ങൾ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഹമ്മദ് ഹുസൈനും മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

