ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് യുഎസിന്റെ പൊതുകടം ചരിത്രത്തിലാദ്യമായി 40 ലക്ഷം കോടി ഡോളർ (ഏകദേശം 3827 ലക്ഷം കോടി രൂപ) പിന്നിട്ടു. കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം, ഓരോ അമേരിക്കൻ പൗരനും നിലവിൽ 3,59,000 ഡോളർ വീതം കടക്കാരാണ്.
പ്രതീക്ഷിച്ചതിനേക്കാളും ഒരു വർഷം മുൻപാണ് പൊതുകടം ഈ ഭീമമായ സംഖ്യയിലേക്ക് എത്തിച്ചേർന്നത്. ഡോണൾഡ് ട്രംപ്, ജോ ബൈഡൻ എന്നിവർ ഭരണത്തിലിരുന്ന കഴിഞ്ഞ 10 വർഷത്തെ കാലയളവിലാണ് രാജ്യത്തിന്റെ കടം ഇരട്ടിയായി വർധിച്ചതെന്ന് യുഎസ് ട്രഷറി വകുപ്പ് പുറത്തുവിട്ട
ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. നിലവിലുള്ള സാഹചര്യമനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ കടബാധ്യതയുള്ള രാഷ്ട്രം യുഎസാണ്.
തൊട്ടുപിന്നിലുള്ള ചൈനയ്ക്ക് 13.60 ലക്ഷം കോടി ഡോളർ കടമുള്ളപ്പോൾ, ഈ പട്ടികയിൽ ഏറെ പിന്നിലുള്ള ഇന്ത്യയുടെ കടബാധ്യത 2.17 ലക്ഷം കോടി ഡോളർ മാത്രമാണ്. 2017 ജനുവരിയിൽ ട്രംപ് ആദ്യമായി അധികാരമേൽക്കുമ്പോൾ യുഎസിന്റെ പൊതുകടം 19.95 ലക്ഷം കോടി ഡോളർ ആയിരുന്നു.
കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ നേരിട്ട പ്രതിസന്ധികളെ മറികടക്കാൻ നടത്തിയ അനിയന്ത്രിത വായ്പയെടുപ്പാണ് ഈ കുതിച്ചുചാട്ടത്തിന് ഒരു പ്രധാന കാരണം.
കൂടാതെ, അക്കാലഘട്ടത്തിൽ പ്രസിഡന്റുമാർ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളും സർക്കാരിന്റെ അമിത ചെലവഴിക്കലുകളും കടം ഇത്രയധികം ഉയരാൻ ഇടയാക്കിയതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ അടുത്ത 6 വർഷത്തിനുള്ളിൽ പൊതുകടം 50 ലക്ഷം കോടി ഡോളർ കവിയുമെന്നും, എന്നാൽ ഇത് വെറും 3 വർഷത്തിനുള്ളിൽ സംഭവിക്കുമെന്ന് കരുതുന്നവരുമുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അമേരിക്കൻ ജനതയുടെ ശരാശരി പ്രായം വർധിച്ചുവരുന്നതും കടബാധ്യത ഉയരുന്നതിനുള്ള മറ്റ് കാരണങ്ങളിൽ ഉൾപ്പെടുന്നു. ഓരോ ദിവസവും ഏകദേശം 10,000 പേരാണ് യുഎസിൽ ജോലിയിൽ നിന്ന് വിരമിക്കുന്നത്.
ഇവരുടെ സാമൂഹ്യ സുരക്ഷയ്ക്കും ആരോഗ്യപരിപാലനത്തിനുമായി സർക്കാർ വലിയ തുകയാണ് നീക്കിവെക്കുന്നത്. ഇതിനുപുറമേ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി നികുതി വെട്ടിക്കുറയ്ക്കാനും സർക്കാരിന്റെ ചെലവുകൾ വർധിപ്പിക്കാനുമുള്ള നിരവധി ബില്ലുകൾ യുഎസ് കോൺഗ്രസ് പാസാക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന് ഉദാഹരണമാണ് 2025ൽ ട്രംപ് പാസാക്കിയ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്’. കടം അതിവേഗം കുമിഞ്ഞുകൂടുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്ന് സാമ്പത്തിക രംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ മാത്രം കടത്തിൽ ഒരു ലക്ഷം കോടി ഡോളറിന്റെ വർധനയാണുണ്ടായത്. സർക്കാരിന്റെ റവന്യൂ വരുമാനത്തേക്കാൾ എത്രയോ കൂടുതലാണ് നിലവിലെ ചെലവുകൾ.
നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ 10 മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ രാജ്യത്തെ കമ്മി 1.8 ലക്ഷം കോടി ഡോളറായി ഉയർന്നു. ഇതിനൊപ്പം പലിശനിരക്ക് വർധിച്ചതും വലിയ തിരിച്ചടിയായി മാറി.
കോവിഡിനു ശേഷമുണ്ടായ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്രബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയതോടെ സർക്കാരിന്റെ ബാധ്യതകളും ഇരട്ടിച്ചു. ഈ വർഷം പലിശയിനത്തിൽ മാത്രം യുഎസ് ഒരു ലക്ഷം കോടി ഡോളർ തിരിച്ചടക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
യുഎസിലെ ഈ കടക്കെണി അമേരിക്കയെ മാത്രം ബാധിക്കുന്ന ഒന്നല്ല. ഇന്ത്യ അടക്കമുള്ള വളർന്നുവരുന്ന വിപണികളെയും ഇത് ഗുരുതരമായി ബാധിക്കാമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഈ വർഷം പലിശയായി നൽകേണ്ട ഭീമമായ തുക കണ്ടെത്താനായി യുഎസ് കൂടുതൽ കടപ്പത്രങ്ങൾ വിപണിയിലിറക്കിയേക്കാം.
ഇതോടെ ഇന്ത്യ ഉൾപ്പെടെയുള്ള എമേർജിങ് വിപണികളിൽ നിന്നും വിദേശ നിക്ഷേപകർ പണം പിൻവലിച്ച് യുഎസിന്റെ കടപ്പത്രങ്ങളിലേക്ക് ചേക്കേറാൻ സാധ്യതയുണ്ട്. വിദേശ നിക്ഷേപകരുടെ ഈ കൂറുമാറ്റം ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിനും ഓഹരി വിപണിക്കും വലിയ ആഘാതമാകും സൃഷ്ടിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

