തലശ്ശേരി കോണോർവയലിൽ ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി കൈമാറിയ നടപടി ചർച്ചയാകുന്നു. ജല അതോറിറ്റിയുടെ കൈവശമുണ്ടായിരുന്ന 114.5 സെന്റ് സ്ഥലമാണ് കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസിനായി കൈമാറിയത്.
കഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ അവസാനകാലഘട്ടത്തിലാണ് ഈ ഭൂമി കൈമാറ്റം സംബന്ധിച്ച തീരുമാനമുണ്ടായത്. മോറക്കുന്നിലെയും കൊടുവള്ളിയിലെയും ജല അതോറിറ്റി ഓഫിസ് കെട്ടിടങ്ങളും ജലസംഭരണിയും അപകടാവസ്ഥയിലായ സാഹചര്യത്തിൽ, ഭാവിയിൽ പകരം കെട്ടിടങ്ങൾ നിർമിക്കാൻ ഉപയോഗിക്കാമായിരുന്ന സ്ഥലമാണ് കൈമാറ്റം ചെയ്യപ്പെട്ടത്.
മോറക്കുന്നിലെ സബ് ഡിവിഷൻ ഓഫിസും കൊടുവള്ളിയിലെ സെക്ഷൻ ഓഫിസും കാലപ്പഴക്കം മൂലം പൂർണമായും തകർച്ചാഭീഷണിയിലാണ് പ്രവർത്തിക്കുന്നത്. 12 ലക്ഷം ലീറ്റർ സംഭരണശേഷിയുള്ള ജലസംഭരണിയുടെ തൊട്ടുചുവടെയാണ് 1969 മുതൽ മോറക്കുന്നിലെ ഓഫിസ് പ്രവർത്തിക്കുന്നത്.
സംഭരണിയുടെ തൂണുകളും കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളും തകർന്നുവീഴാറായ നിലയിലാണുള്ളത്. ചോർന്നൊലിക്കുന്ന കെട്ടിടത്തിനുള്ളിൽ ജീവനക്കാരും എത്തുന്ന പൊതുജനങ്ങളും കടുത്ത ഭയപ്പാടോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്.
ഓഫിസ് പരിസരത്ത് കാടുമൂടി കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യവും ഇവിടെ രൂക്ഷമായി തുടരുന്നുണ്ട്. വിവിധ സർവേ നമ്പറുകളിലായി കിടക്കുന്ന 114.5 സെന്റ് ഭൂമിയാണ് ഇത്തരത്തിൽ കൈമാറിയത്.
ഈ സ്ഥലത്ത് പുതിയ ഓഫിസ് കെട്ടിടം നിർമിക്കണമെന്ന് ജീവനക്കാരും വിവിധ സംഘടനകളും നിരന്തരം ആവശ്യപ്പെട്ട് വരുന്നതിനിടയിലാണ് പ്രസ്തുത സ്ഥലം അക്കാദമി ഓഫ് സോഷ്യൽ സയൻസസിന് നൽകാൻ മുൻ സർക്കാർ തീരുമാനമെടുത്തത്. കോണോർവയലിലെ സ്ഥലം കൈമാറിയ പശ്ചാത്തലത്തിൽ, പുതിയ ഓഫിസ് കെട്ടിടം നിർമിക്കുന്നതിനായി അടിയന്തരമായി ബദൽ സ്ഥലം കണ്ടെത്തണമെന്ന് ജീവനക്കാരുടെ സംഘടനകൾ ശക്തമായി ആവശ്യപ്പെട്ടു.
നഗരസഭയിലെ ശുദ്ധജല വിതരണ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ഈ സ്ഥലം ഉപയോഗപ്പെടുത്തണമെന്നും, ഭൂമി പതിച്ചുനൽകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും കാണിച്ച് കഴിഞ്ഞ ഏപ്രിലിൽ ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

