കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ വിവിധ പത്രങ്ങളിലെ ഫോട്ടോ ജേണലിസ്റ്റുകളുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോട്ടോ ജേണലിസ്റ്റ് ഫോറം സംഘടിപ്പിച്ച ‘ബിയോണ്ട് വേർഡ്സ്’ വാർത്താ ചിത്ര പ്രദർശനം ആരംഭിച്ചു. ലോക ഫോട്ടോഗ്രാഫി ദിനമായ ഓഗസ്റ്റ് 19ന് ഗ്രേറ്റ് ബോംബെ സർക്കസിലെ കലാകാരൻമാരായ തുളസിദാസ് ചൗധരി, പപ്പു താക്കൂർ, അജയ് നായിക് എന്നിവർ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പൊതു ഇടത്തിൽ നിന്നൊക്കെ തഴയപ്പെടുന്നവരാണ് തങ്ങളെന്നും ജീവിതത്തിൽ ആദ്യമായാണ് ഉദ്ഘാടനം നടത്തുന്നതെന്നും മുതിർന്ന സർക്കസ് കലാകാരനായ തുളസീദാസ് ചൗധരി പറഞ്ഞു. ചടങ്ങിൽ ഗ്രോ വാസു മുഖ്യാതിഥിയായി പങ്കെടുത്തു.
കാലിക്കറ്റ് ഫോട്ടോ ജേണലിസ്റ്റ് ഫോറം കൺവീനർ എം.ടി.വിധുരാജ്, ജോയിന്റ് സെക്രട്ടറി കെ.രാഗേഷ്, ട്രഷറർ രമേശ് കോട്ടൂളി, പ്രസ്ക്ലബ് പ്രസിഡന്റ് ഇ.പി.മുഹമ്മദ്, ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ, ന്യൂസ് എഡിറ്റർ എം.ഫിറോസ്ഖാൻ, സാംസ്കാരിക പ്രവർത്തകൻ ജയന്ത്കുമാർ, എം.രാജൻ, മുതിർന്ന ഫോട്ടോഗ്രാഫർമാരായ പി. മുസ്തഫ, എസ്.രമേശ് കുറുപ്പ്, പി.എൻ.
ശ്രീവത്സൻ, പി.ജെ.ഷെല്ലി, ആർട്ടിസ്റ്റ് മദനൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മുണ്ടക്കൈ ദുരന്തം, ട്രാൻസ് വിഷയം, ഫുട്ബോൾ, ജെല്ലിക്കെട്ട് തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കി മുപ്പതോളം ഫോട്ടോ ജേണലിസ്റ്റുകളുടെ ചിത്രങ്ങളാണ് ഈ പ്രദർശനത്തിലുള്ളത്.
അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ ചിത്രപ്രദർശനം ഓഗസ്റ്റ് 23ന് സമാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

