സംസ്ഥാനത്ത് വീണ്ടും ആരോഗ്യമേഖലയിലെ പ്രതിസന്ധി വെളിച്ചത്താവുന്നു. തൃശൂർ ഗവ.
മെഡിക്കൽ കോളജ് മോർച്ചറിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നു. ചേംബറുകൾ പൂർണ്ണമായും നിറഞ്ഞതിനെ തുടർന്ന് ഇന്നലെ ചികിത്സയിലിരിക്കെ മരണപ്പെട്ടവരുടെ രണ്ടു മൃതദേഹങ്ങൾ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു.
ആകെ ലഭ്യമായ 29 കോൾഡ് ചേംബറുകളിൽ 27 എണ്ണവും ഇതിനോടകം നിറഞ്ഞുകഴിഞ്ഞു. അനാഥരുടെയും ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാകാത്തവരുടെയും മൃതദേഹങ്ങൾ മാസങ്ങളോളം ഇവിടെ സൂക്ഷിക്കുന്നതാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്.
മൂന്നു മാസം വരെ പഴക്കമുള്ള മൃതദേഹങ്ങൾ പോലും കൂട്ടത്തിലുണ്ട്. മൂന്നു ദിവസത്തിനകം അവകാശികൾ എത്തിയില്ലെങ്കിൽ സംസ്കരണ നടപടികൾ സ്വീകരിക്കാമെന്നാണ് ചീയ്യെതെങ്കിലും, മൂന്നു മാസമായിട്ടും നടപടികൾ ഒന്നും നടന്നിട്ടില്ല.
സംസ്കരണ ചെലവുകൾക്കായി സർക്കാർ ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും അവണൂർ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടാകുന്നു എന്നാണ് ആരോപണം. പോലീസിന്റെ എൻഒസി വൈകുന്നതും അജ്ഞാത മൃതദേഹങ്ങളുടെ കാര്യത്തിലെ ആശയക്കുഴപ്പവുമാണ് മറ്റൊരു പ്രധാന തടസ്സം.
ഭാവിയിൽ പോസ്റ്റ്മോർട്ടം നടപടികൾ 24 മണിക്കൂറാക്കാനും വെർച്വോപ്സി സംവിധാനം നടപ്പിലാക്കാനും തീരുമാനിച്ചിരിക്കെ, നിലവിലുള്ള 30 ചേംബറുകൾ 50 എണ്ണമായി ഉയർത്തണമെന്നാണ് ഫൊറൻസിക് വിഭാഗത്തിന്റെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

