റിയാദിൽ ടാക്സി പെർമിറ്റില്ലാതെ സ്വന്തം സ്വകാര്യ കാറുകളിൽ യാത്രക്കാരെ കയറ്റിയ മൂന്ന് വിദേശികൾക്കെതിരെ സൗദി പൊതുഗതാഗത അതോറിറ്റി കർശന നടപടി സ്വീകരിച്ചു. പിടിയിലായ മൂന്നു പേർക്കുമായി ആകെ 35,000 റിയാൽ പിഴ ചുമത്തുകയും നാടുകടത്താൻ ഉത്തരവിടുകയും ചെയ്തതായി അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു.
നിയമവിരുദ്ധമായി കാറിൽ യാത്രക്കാരെ കയറ്റി സർവീസ് നടത്തിയ ഒരു ഈജിപ്ഷ്യൻ പൗരനും ഒരു ഇന്ത്യൻ പൗരനുമാണ് ഈ നടപടി നേരിട്ടത്. ഇവർക്ക് 12,000 റിയാൽ വീതം പിഴയും നാടുകടത്തൽ ശിക്ഷയുമാണ് കോടതി വിധിച്ചത്.
സ്വകാര്യ കാറിൽ യാത്രക്കാരെ കയറ്റാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് മൂന്നാമനായ ചാഡ് സ്വദേശി പിടിയിലായത്. ഇയാൾക്ക് 11,000 റിയാൽ പിഴയും രാജ്യത്തുനിന്നുള്ള നാടുകടത്തലുമാണ് ശിക്ഷയായി ലഭിച്ചിട്ടുള്ളത്.
ടാക്സി പെർമിറ്റില്ലാതെ ഇത്തരം ഗതാഗത സർവീസുകൾ നടത്തുന്നത് റോഡ് ഗതാഗത നിയമപ്രകാരം വൻ നിയമലംഘനമാണെന്ന് പൊതുഗതാഗത അതോറിറ്റി ശക്തമായി ചൂണ്ടിക്കാട്ടി. ഇത്തരം അനധികൃത സർവീസുകൾ പൂർണമായി തടയാനും, ഗതാഗത മേഖലയിൽ നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, യാത്രക്കാരുടെ സുരക്ഷയും സേവനങ്ങളുടെ ഗുണനിലവാരവും സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള പരിശോധനകൾ തുടർന്നും കർശനമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അധികൃതർ വ്യക്തമാക്കി.
നിയമം തെറ്റിക്കുന്ന വിദേശികൾക്കെതിരെ നാടുകടത്തൽ നടപടികൾക്ക് പുറമെ, നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം ശിക്ഷാവിധിയുടെ സംഗ്രഹം പരസ്യമായി പ്രസിദ്ധീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. അതിനാൽ, യാത്രക്കാർ എപ്പോഴും അംഗീകൃത ഗതാഗത മാർഗങ്ങളും ഔദ്യോഗിക ടാക്സി സ്ഥാപനങ്ങളെയും മാത്രം ആശ്രയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

