അവധി ദിനങ്ങൾ കേന്ദ്രീകരിച്ച് ജില്ലയിൽ വ്യാപകമാകുന്ന അനധികൃത പാറ-മണ്ണ് ഖനനവും നിലം നികത്തലും തടയുന്നതിന്റെ ഭാഗമായി കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ കലക്ടർ ചേതൻകുമാർ മീണ മുന്നറിയിപ്പ് നൽകി. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾക്ക് സാധ്യതയേറെയുള്ള അവധി ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ നടത്താനാണ് തീരുമാനം.
ഇതിന്റെ മുന്നോടിയായി ജില്ലയിലെ മുഴുവൻ താലൂക്കുകളിലും പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധന നടത്താൻ ബന്ധപ്പെട്ട താലൂക്ക് തഹസിൽദാർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
നിയമലംഘനങ്ങൾ കണ്ടെത്തുന്ന പക്ഷം യാതൊരുവിധ ദാക്ഷിണ്യവുമില്ലാതെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾക്കും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ അധികൃതരെ സമീപിക്കാവുന്നതാണ്.
ജില്ലയിൽ എവിടെയെങ്കിലും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെടുകയാണെങ്കിൽ വിവരം ഉടൻ തന്നെ താലൂക്ക് തലത്തിലുള്ള ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് കലക്ടർ അഭ്യർത്ഥിച്ചു. പരാതികൾ നൽകുന്നതോടൊപ്പം സാധ്യമായ ഘട്ടങ്ങളിൽ സ്ഥലത്തിന്റെ കൃത്യമായ വിവരങ്ങളും ഫോട്ടോയോ വീഡിയോയോ പോലുള്ള തെളിവുകളും കൂടി ലഭ്യമാക്കുന്നത് അന്വേഷണം എളുപ്പമാക്കും.
നിയമവിരുദ്ധമായ ഖനനവും മണ്ണുകടത്തലും നിലം നികത്തലും മൂലം ജില്ലയിലുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം തടയുന്നതിനും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ ഭാഗത്തുനിന്നും പൂർണ്ണമായ സഹകരണമുണ്ടാകണമെന്ന് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. പരാതികളും വിവരങ്ങളും അറിയിക്കുന്നതിനായി [email protected] എന്ന ഔദ്യോഗിക ഇ-മെയിൽ വിലാസവും സജ്ജീകരിച്ചിട്ടുണ്ട്.
ലഭിക്കുന്ന പരാതികളിൽ അടിയന്തര പ്രാധാന്യത്തോടെ പരിശോധന നടത്തി ഉദ്യോഗസ്ഥർ ആവശ്യമായ തുടർനടടപടികൾ സ്വീകരിക്കുന്നതായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

