ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ നാല് പേർ മരണപ്പെട്ടു. മദ്യസൽക്കാരത്തിൽ പങ്കെടുത്തവരാണ് വ്യാജമദ്യം കുടിച്ച് ജീവനൊടുക്കേണ്ടി വന്നത്.
സംഭവത്തിൽ നിരവധി പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
നിലവിൽ ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, വ്യാജമദ്യം നിറച്ച മദ്യക്കുപ്പികളടങ്ങിയ 15 പെട്ടികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി ഘോഘ താലൂക്കിലെ ഖരാദി ഗ്രാമത്തിൽ ഏഴ് സുഹൃത്തുക്കൾ ചേർന്ന് നടത്തിയ മദ്യസൽക്കാരത്തിനിടെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. മദ്യം കഴിച്ചതിന് പിന്നാലെ പങ്കെടുത്തവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
നിലവിൽ 20 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു. ഇതിൽ 12 പേർ ഭാവ്നഗർ സിറ്റി ആശുപത്രിയിലും, അഞ്ചുപേർ ആരോഗ്യാം ആശുപത്രിയിലും, ഒരാൾ ബിഐഎംഎസ് ആശുപത്രിയിലും, രണ്ടുപേർ വേദ് ഐസിയുവിലുമാണ് കഴിയുന്നത്.
ചികിത്സയിലുള്ള രോഗികളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഭാവ്നഗർ, മദ്യപ്രദേശ് സ്വദേശികൾ ചേർന്നാണ് ഈ വ്യാജമദ്യ വിൽപന നടത്തിയിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
വ്യാജമായി ഉൽപാദിപ്പിക്കുന്ന മദ്യം വിലകൂടിയ മദ്യത്തിന്റെ കുപ്പികളിൽ നിറച്ച്, ഇത് ഒറിജിനൽ മദ്യമാണെന്ന് വിശ്വസിപ്പിച്ചാണ് സംഘം വിൽപന നടത്തിയിരുന്നത്. കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളായി പ്രതികൾ ഈ രീതിയിൽ വ്യാജമദ്യം വിതരണം ചെയ്തുവന്നിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
എത്ര കുപ്പി വ്യാജമദ്യം വിറ്റഴിച്ചു, ഏതൊക്കെ പ്രദേശങ്ങളിലാണ് മദ്യം വിതരണം ചെയ്തത് തുടങ്ങിയ വിവരങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വ്യാജമദ്യത്തിന്റെ സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയച്ചു.
കർശനമായ മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിലാണ് വ്യാജമദ്യം കഴിച്ച് ഈ വലിയ ദുരന്തം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്ത് മദ്യത്തിന്റെ ഉൽപാദനത്തിനും വിൽപനയ്ക്കും ഉപയോഗത്തിനും നിയമപരമായ നിരോധനം ബാധകമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

